ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: അട്ടിമറി നടത്തിയ വരണാധികാരി ന്യൂനപക്ഷ മോര്‍ച്ച നേതാവ്

റിട്ടേണിങ് ഓഫിസര്‍ അനില്‍ മസിഹിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് സുപ്രിംകോടതി നിര്‍ദേശം

Update: 2024-02-20 14:20 GMT

ന്യൂഡല്‍ഹി: ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തി ബിജെപി പ്രതിനിധിയെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിങ് ഓഫിസര്‍ ബിജെപിയുടെയും ന്യൂനപക്ഷ മോര്‍ച്ചയുടെയും നേതാവ്. കോടതിയലക്ഷ്യ നടപടിക്ക് വിധേയനായ വരണാധികാരി അനില്‍ മസിഹിനാണ് ഉന്നത ബിജെപി നേതാക്കളുള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നത്. ഇദ്ദേഹത്തിന് കാണിക്കല്‍ നോട്ടീസ് നല്‍കുകയും മൂന്നാഴ്ചയ്ക്കകം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ മറുപടി നല്‍കാനും സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ റിട്ടേണിങ് ഓഫിസറായ അനില്‍ മസിഹിനെ ബിജെപിയുടെ ന്യൂനപക്ഷ സെല്ലിലെ അംഗത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. 2015 മുതല്‍ ബിജെപി അംഗമായ മസിഹ് ന്യൂനപക്ഷ മോര്‍ച്ചയുടെ പരിപാടികളിലെല്ലാം നിറസാന്നിധ്യമായിരുന്നു. 53 കാരനായ ഇദ്ദേഹം ഒരു ദശാബ്ദത്തോളമായി ബിജെപി ചണ്ഡീഗഡ് ഘടകത്തിലെ പ്രധാന അംഗമാണ്. പ്രവര്‍ത്തനമികവ് കാരണം 2022 ഒക്ടോബറില്‍ ചണ്ഡീഗഢ് എംസി ഹൗസില്‍ കൗണ്‍സിലറായി ബിജെപി ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്തിരുന്നു. നേരത്തെ 2021ല്‍ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയായും നിയമിച്ചിരുന്നു.

     ബാലറ്റ് കൃത്രിമത്തിലൂടെ കുപ്രസിദ്ധനായ അനില്‍ മസിഹ് നേരത്തേയും വിവാദത്തില്‍ അകപ്പെട്ടിരുന്നു. 2018ല്‍ ഒരു കമ്മിറ്റി യോഗത്തില്‍ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും വിശ്വാസത്തിനെതിരായി പോലും സംസാരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) അദ്ദേഹത്തെ ചര്‍ച്ചിന്റെ എല്ലാം പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം സിഎന്‍ ഐ ബിഷപ്പ് ഡെന്‍സല്‍ പീപ്പിള്‍സ് തിരിച്ചെടുത്തു. ഇദ്ദേഹത്തിന്റെ ഭാര്യ പഞ്ചാബ് എന്‍ജിനീയറിങ് ഹോസ്റ്റലിലെ (പിഇസി) സെക്ടര്‍ 12 ലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ മാനേജരായി ജോലി ചെയ്യുന്നത്. കുടുംബം പിഇസി കാംപസിലെ ഹോസ്റ്റല്‍ ബാരക്കിലാണ് താമസിക്കുന്നത്. നേരത്തേ ഇയാള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൂര്‍ണമായും രാഷ്ട്രീയത്തില്‍ സമര്‍പ്പിതനാവുകയാണെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫിസറായിരുന്ന അനില്‍ മസിഹ് അസാധുവായി പ്രഖ്യാപിച്ച എട്ട് ബാലറ്റ് പേപ്പറുകളും എഎപി സ്ഥാനാര്‍ത്ഥിയും ഹരജിക്കാരനുമായ കുല്‍ദീപ് കുമാറിന് അനുകൂലമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയതോടെയാണ് കോടതിയലക്ഷ്യ നടപടിക്ക് വിധേയനായത്.

Tags:    

Similar News