ചന്ദ്രയാന്‍-രണ്ടിന് ഇന്നു നിര്‍ണായകം; ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും

ചൊവ്വാഴ്ച രാവിലെ 8.30നും 9.30നും ഇടയില്‍ ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രയാന്‍-രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും

Update: 2019-08-20 01:16 GMT

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-രണ്ടിന് ഇന്ന് നിര്‍ണായക ദിനം. ചൊവ്വാഴ്ച രാവിലെ 8.30നും 9.30നും ഇടയില്‍ ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രയാന്‍-രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഭൂമിയുടെ ഭ്രമണപഥം വിട്ട് ആഗസ്ത് 14നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമിട്ട് ചന്ദ്രയാന്‍-രണ്ട് യാത്ര തുടങ്ങിയത്. ഐഎസ്ആര്‍ഒ ടെലിമെട്രിയിലുള്ള മിഷന്‍ ഓപറേഷന്‍ കോപ്ലക്‌സും ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ്‌വര്‍ക്കുമാണ് പേടകം നിയന്ത്രിക്കുന്നത്. ബെംഗളൂരുവിനടുത്തുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കില്‍ നിന്നാണ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക. ഭ്രമണപഥത്തിലെത്തിയാല്‍ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ഭ്രമണപഥത്തില്‍ 13 ദിവസം ചുറ്റിയശേഷം സെപ്തംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടും.

    തുടര്‍ന്ന് അഞ്ചുദിവസത്തിനകം പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കിറങ്ങും. ഇതിനായി ഓര്‍ബിറ്ററില്‍നിന്നു വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണപഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. തുടര്‍ന്ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ 23 ദിവസം ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍നിന്നും റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. വെല്ലുവിളികള്‍ ഏറെയുള്ള ദൗത്യമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു.




Tags:    

Similar News