ചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച് സംരക്ഷിക്കണം; ജനകീയ വേദിയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ പ്രക്ഷോഭം ശക്തമാക്കുന്നു ; 20 ന് കൊച്ചിന്‍ പോര്‍ട്ട് ഉപരോധം

ചെല്ലാനം കമ്പനിപ്പടി മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള 17.5 കിലോമീറ്റര്‍ ദൂരത്തിലുള്ള തീര പ്രദേശം സംരക്ഷിച്ചേ മതിയാകുവെന്ന ചെല്ലാനം-കൊച്ചി ജനകീയ വേദി വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ ജോസഫ് ജയന്‍ പറഞ്ഞു.തങ്ങളുടെ സമരത്തിന്റെ ഭാഗമായി നിലവില്‍ 7.5 കിലോമീറ്റര്‍ ദുരം മാത്രമാണ് ഭാഗികമായി സര്‍ക്കാര്‍ സംരക്ഷണം ഒരുക്കിയിരിക്കുന്നത്.മഴക്കാലം ശക്തി പ്രാപിച്ചുവരുന്നതോടെ കടലാക്രമണത്തിന് ഏതു സമയവും സാധ്യതയുണ്ടെന്നും അതിലൂടെയുണ്ടാകാന്‍ പോകുന്ന ദുരന്തം രൂക്ഷമായിരിക്കുമെന്നും ജോസഫ് ജയന്‍ പറഞ്ഞു

Update: 2022-05-16 17:30 GMT

കൊച്ചി: ചെല്ലാനം തീരമേഖല മുഴുവന്‍ കടല്‍ഭിത്തി നിര്‍മ്മിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം-കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ പ്രക്ഷോഭം ശക്തമാക്കുന്നു.സമര സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 20ന് കൊച്ചിന്‍ പോര്‍ട്ട് ഉപരോധിക്കുമെന്ന് വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ ജോസഫ് ജയന്‍ കുന്നേല്‍ പറഞ്ഞു.ചെല്ലാനം കമ്പനിപ്പടി മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള 17.5 കിലോമീറ്റര്‍ ദൂരത്തിലുള്ള തീര പ്രദേശം സംരക്ഷിച്ചേ മതിയാകുവെന്ന് ജോസഫ് ജയന്‍ പറഞ്ഞു.

തങ്ങളുടെ സമരത്തിന്റെ ഭാഗമായി നിലവില്‍ 7.5 കിലോമീറ്റര്‍ ദുരം മാത്രമാണ് ഭാഗികമായി സര്‍ക്കാര്‍ സംരക്ഷണം ഒരുക്കിയിരിക്കുന്നത്.ടെട്രാപോഡുകൊണ്ടുള്ള കടല്‍ഭിത്തി നിര്‍മ്മിച്ചുള്ള സംരക്ഷമാണ് ഒരുക്കിയിരിക്കുന്നത്.രണ്ടാം ഘട്ടമായി കണ്ണമാലി മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള തീരത്തിന് സംരക്ഷണമൊരുക്കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്.എന്നാല്‍ ഇത് നടപ്പിലായിട്ടില്ല.ചെല്ലാനം ബസാര്‍ മുതല്‍ ഫോര്‍ട്ട് കൊച്ചി വേളാങ്കണി ഭാഗം വരെയുളള തീരപ്രദേശത്ത് ഒട്ടും കല്ല് ഇട്ടിട്ടില്ലാത്ത പ്രദേശമാണെന്നും ജോസഫ് ജയന്‍ പറഞ്ഞു.ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുണ്ട്.കല്ലുകള്‍ ഇല്ലാത്തതിനാല്‍ ഇതുവഴി കടല്‍ കയറുമെന്നും വന്‍ നാശമായിരിക്കും സംഭവിക്കുകയെന്നും ജോസഫ് ജയന്‍ പറഞ്ഞു.പുത്തന്‍ തോട് കണ്ണമാലി പ്രദേശവും കടല്‍ഭിത്തിയില്ലാത്തതിനാല്‍ കടലാക്രമണമുണ്ടായാല്‍ നേരിട്ട് കടല്‍ കയറി ഇവിടെയും വലിയ നാശമുണ്ടാകുമെന്നും ജോസഫ് ജയന്‍ പറഞ്ഞു.

രണ്ടാം ഘട്ടമായി പ്രദേശത്ത് ഒമ്പതും ആറും വീതം പുലിമുട്ടുകള്‍ നിര്‍മ്മിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 'ടി' മോഡലിലും 'ഐ' മോഡലിലുമാണ് പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് പറയുന്നത്.എന്നാല്‍ ഒന്നാം ഘട്ട നിര്‍മ്മാണം ഇതുവരെ പകുതി പോലുമായിട്ടില്ല.ഒന്നാം ഘട്ടം തീര്‍ന്നതിനു ശേഷം രണ്ടാം ഘട്ടത്തിനുള്ള ഫണ്ട് പാസായി വരുമ്പോഴേക്കും തീരം ബാക്കിയുണ്ടാകില്ലെന്നും കടല്‍കയറി എല്ലാം നശിച്ചിരിക്കുമെന്നും ജോസഫ് ജയന്‍ പറഞ്ഞു.മഴക്കാലം ശക്തി പ്രാപിച്ചുവരുന്നതോടെ കടലാക്രമണത്തിന് ഏതു സമയവും സാധ്യതയുണ്ടെന്നും അതിലൂടെയുണ്ടാകാന്‍ പോകുന്ന ദുരന്തം രൂക്ഷമായിരിക്കുമെന്നും ജോസഫ് ജയന്‍ പറഞ്ഞു.

കടല്‍കയറി തകര്‍ന്നു പോകുന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഒന്നിനും തികയില്ല.ഉള്ളതെല്ലാം വിറ്റുപെറുക്കിയും വായ്‌പെടുത്തുമാണ് വീട് വെയ്ക്കുന്നത്. ആറു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച വീട് കടല്‍ കയറി നശിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കിയത് വെറും 95,000 രൂപയാണ്. ഇതുകൊണ്ട് എങ്ങനെ ഒരു വീട് വെയ്ക്കാന്‍ കഴിയുമെന്നും ജോസഫ് ജയന്‍ ചോദിച്ചു.അഴിമുഖത്ത് നിന്നും കൊച്ചിന്‍ പോര്‍ട്ടിന്റെ നേതൃത്വത്തില്‍ കടലില്‍ നിന്നും ഡ്രെഡ്ജ് ചെയ്‌തെടുക്കുന്ന എക്കല്‍ ഉള്‍പ്പെടെയുള്ള മണ്ണ് ജിയോ ട്യൂബുകളില്‍ നിറച്ച് തീരത്ത് തന്നെ പുലിമുട്ട് പോലെ നിക്ഷേപിച്ചാല്‍ കടലാക്രമണം തടഞ്ഞ് ദുരന്തമുണ്ടാകുന്നതില്‍ നിന്നും തീരദേശ വാസികളെ സംരക്ഷിക്കാന്‍ സാധിക്കും.ഇതിന് കൊച്ചിന്‍ പോര്‍ട്ട് തയ്യാറകണമെന്നും ജോസഫ് ജയന്‍ പറഞ്ഞു.കടലാക്രമണത്തിന്റെ രൂക്ഷത നേരിടുന്ന മുഴുവന്‍ തീരവാസികളും 20 ന് കൊച്ചിന്‍ പോര്‍ട്ട് ഉപരോധിച്ചുകൊണ്ടു നടക്കുന്ന സമരത്തില്‍ അണിനിരക്കും.രാവിലെ 10.30ന് പ്രകടനമായെത്തിയായിരിക്കും ഉപരോധം നടക്കുകയെന്നും ജോസഫ് ജയന്‍ പറഞ്ഞു.

Tags:    

Similar News