പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെ കോടതി റിമാന്റ് ചെയ്തു. എറണാങ്കുളം വൈപ്പിന്‍ സ്വദേശികളായ തിരുന്നില്ലത്ത് സുധാകരന്റെ മകന്‍ ആകാശ്(30), കിഴക്കെ വളപ്പില്‍ പ്രസാദിന്റെ മകന്‍ ഹിമസാഗര്‍(30) എന്നിവരെയാണ് പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തത്. ഇതിനിടെ ഇവരുടെ കൂടെ ഉണ്ടായിരുന്ന രക്ഷപ്പെട്ട മൂന്നുപേരെ കുറിച്ച് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് സ്വര്‍ണവുമായി വന്നവര്‍ ഉടമകള്‍ക്ക് നല്‍കാതെ കബളിപ്പിച്ച് മുങ്ങിയതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സംഘങ്ങളാണ് പിടിക്കപ്പെട്ടവര്‍. ആറുമാസം മുമ്പ് വിദേശത്ത് നിന്ന് സ്വര്‍ണവുമായി വന്ന ചെട്ടിപ്പടി സ്വദേശി ശുഹൈബ് ഉടമകളെ കബളിപ്പിച്ച് മുങ്ങിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ സുഹൃത്തും നാട്ടുകാരനുമായ റസാഖ് 15 ദിവസം മുമ്പേ വിദേശത്ത് നിന്ന് വരികയും സമാനമായ രീതിയില്‍ സ്വര്‍ണവുമായി കടന്നുകളയുകയും ചെയ്തതായി പറയപ്പെടുന്നത്. ഇരുവരെയും പിടികൂടാനെത്തിയതായിരുന്നു വൈപ്പിന്‍ സ്വദേശികളായ ക്വട്ടേഷന്‍ സംഘം. ഇവരുടെ ആക്രമണത്തില്‍ ശുഹൈബിന് വെട്ടേറ്റതായാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ചികില്‍സ തേടിയ ഇയാള്‍ കടന്ന് കളഞ്ഞതായാണ് വിവരം. പോലിസ് ഇരുവരെ കുറിച്ചും ക്വട്ടേഷന്‍ സംഗത്തിന് പ്രാദേശികമായി സഹായം ലഭിച്ചതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. അടുത്ത കാലത്തായി പരപ്പനങ്ങാടിയിലെ തീരദേശങ്ങളില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പിടിക്കപ്പെട്ടത്.