ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് മാവോവാദികൾ കൊല്ലപ്പെട്ടു
ആഗസ്ത് 3 ന് സംസ്ഥാനത്തെ രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ ഏഴ് മാവോവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന ഏറ്റുമുട്ടലാണിത്.
നാരായൺപൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ശനിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോവാദികൾ കൊല്ലപ്പെട്ടതായി പിടിഐ റിപോർട്ട് ചെയ്തു. ജില്ലാ റിസർവ് ഗാർഡിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ വെടിയേറ്റു.
ജില്ലയിലെ ഓർച്ച പോലീസ് സ്റ്റേഷനിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ദുർബെഡ ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് രാവിലെ ആറ് മണിയോടെ വെടിവയ്പ്പ് നടന്നതെന്ന് പോലിസ് പറഞ്ഞു. ഡിആർജി ടീം നടത്തിയ ഓപറേഷനിലാണ് ഇത് സംഭവിച്ചത്. ആഗസ്ത് 3 ന് രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ ഏഴ് മാവോവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന ഏറ്റുമുട്ടലാണിത്.
റായ്പൂരിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ഓർച്ചയിലെ വനങ്ങൾക്കുള്ളിൽ മാവോവാദി പരിശീലനത്തെക്കുറിച്ച് വ്യക്തമായ രഹസ്യാന്വേഷണം ലഭിച്ചതിനെ തുടർന്നാണ് പോലിസ് റെയ്ഡ് നടത്തിയതെന്ന് പോലിസ് പറഞ്ഞു. ഒന്നര മണിക്കൂറോളം നീണ്ട വെടിവയ്പപ്പിനെ തുടർന്ന് മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെ ആയുധ ശേഖരങ്ങളും മാവോവാദികളുടെ അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു.
തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക