മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിക്കുന്നത് മുഖ്യമന്ത്രി വര്‍ഗീയമായി ചിത്രീകരിക്കുന്നു; ഇത് സ്ഥിരം തുറുപ്പ് ചീട്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍

സമുദായങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും ഇ ടി കുറ്റപ്പെടുത്തി.

Update: 2021-12-26 12:02 GMT

പുലാമന്തോള്‍: വഖ്ഫ് നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുസ്‌ലിം ലീഗ് വര്‍ഗീയമാക്കി മാറ്റുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി മുസ്‌ലിം ലീഗ്.

മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി ലീഗ് സംസാരിക്കുമ്പോള്‍ അത് വര്‍ഗീയമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്ഥിരം തുറുപ്പ് ചീട്ടാണത്. സമുദായങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും ഇ ടി കുറ്റപ്പെടുത്തി.

മൗലികമായ കാര്യങ്ങളില്‍ ലീഗ് വിട്ടുവീഴ്ചക്ക് തയ്യാറല്ല. ലീഗ് പല വിഷയങ്ങളിലും പ്രതികരിക്കുന്നത് സിപിഎമ്മിന് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. വഖ്ഫ് വിഷയത്തില്‍ രണ്ടാംഘട്ട സമരം ആരംഭിക്കും. സമാന ചിന്താഗതിയുള്ള ആരുമായും ഒത്തുചേര്‍ന്ന് ലീഗ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. എല്ലാവരേയും യോജിപ്പിച്ച് പ്രതിഷേധങ്ങളുമായി മുന്നോട്ട് പോവുമെന്നും ഇ ടി വ്യക്തമാക്കി.

മുസ്‌ലിം ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി ലീഗിനെതിരേ തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിച്ചിരുന്നു. വഖഫ് വിഷയം വര്‍ഗീയമായി ഉപയോഗിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Tags:    

Similar News