മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി; പി ശശിയാണ് വികൃതനാക്കുന്നതെന്ന് പി വി അന്‍വര്‍
മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും ആഭ്യന്തര വകുപ്പില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. അദ്ദേഹം അമ്പേ പരാജയമാണ്.
നിലമ്പൂര്‍: മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയെന്നും കേരളത്തിലെ 25-30 ശതമാനം സാധാരണക്കാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും സിഎമ്മിനോട് വെറുപ്പാണെന്നും പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂര്‍ റസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിശക്തമായ രീതിയിലാണ് തുറന്നടിച്ചത്. കാട്ടുകള്ളനായ പി ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കി. പി ശശിയാണ് മുഖ്യമന്ത്രിയെ വികൃതനാക്കുന്നത്. പിതാവിന്റെ സ്ഥാനത്തുനിന്ന് കണ്ട മുഖ്യമന്ത്രി എങ്ങനെയൊക്കെയാണ് എന്നെ ചതിച്ചതെന്ന് ജനം അറിയണം.
മുഖ്യമന്ത്രിയെ കണ്ട് പരാതികളെല്ലാം നല്‍കിയിരുന്നു. അന്ന് ഞാന്‍ പറഞ്ഞു. തുടര്‍ഭരണം കിട്ടിയത് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് ഞാന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അത്ര ഇഷടമായിട്ടുണ്ട്. ആ സൂര്യന്‍ കെട്ടുപോയി. നൂറില്‍നിന്ന് ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി. 25-30 ശതമാനം സാധാരണക്കാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും സിഎമ്മിനോട് വെറുപ്പാണ്. ശശി ഇരിക്കുന്ന കാബിനിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു, ഇതിനെല്ലാം കാരണം അദ്ദേഹമാണെന്ന്. മുഖ്യമന്ത്രി തികഞ്ഞ സെക്യുലറിസ്റ്റും അഴിമതി തൊട്ടുതീണ്ടാത്ത വ്യക്തിയുമാണ് എന്ന തികഞ്ഞ ബോധ്യത്തോടെയാണ് അന്ന് പറഞ്ഞത്. ഇതെല്ലാം പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. മുഖ്യമന്ത്രിയോട് സംസാരിച്ച ശേഷവും ആശ്വാസമുണ്ടായിരുന്നു. എഡിജിപിയെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഷാജന്‍ സ്‌കറിയ കേസിലെ ഉദാഹരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി. അപ്പോള്‍ എന്തോ ഒരു നിസ്സഹായാവസ്ഥയാണ് അനുഭവപ്പെട്ടത്. പി ശശി സ്വര്‍ണക്കടത്തിന്റെ പങ്ക് പറ്റി. ഇനി പി വി അന്‍വറിനെ നിലയ്ക്കുനിര്‍ത്താല്‍ കഴിയില്ല. അങ്കിള്‍ എന്നൊക്കെ വിളിക്കുന്നവരുണ്ട്. എങ്ങോട്ടേക്കാണ് ഈ പോക്ക്. പ്രിയപ്പെട്ട സഖാക്കള്‍ ഇതൊക്കെ നന്നായി കേള്‍ക്കണം. ഈ ഭരണത്തില്‍ പോലിസ് സ്‌റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് സഖാക്കളും ന്യൂനപക്ഷങ്ങളുമാണ്.
95 ശതമാനം സഖാക്കളും കമ്മ്യൂണിസം പഠിച്ചിട്ടല്ല പാര്‍ട്ടിയില്‍ അംഗമായത്. ഞാനും പഠിച്ചിട്ടില്ല. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ കര്‍ക്കശ നിലപാടെടുക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഗോവിന്ദന്‍ മാഷിന്റെ സ്ഥിതി ഇതാണെങ്കില്‍ പാര്‍ട്ടി അംഗങ്ങളുടെ അവസ്ഥയെന്താണ്. ഉന്നതനേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം. ആരും ചോദിക്കുന്നില്ല. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. കോണ്‍ഗ്രസിന്റെ സ്വജനപക്ഷപാതിത്തവും വര്‍ഗീയതയുമായി അഡ്ജസ്റ്റ് ചെയ്തതും കാരണം പുറത്തുവന്നത്. പാര്‍ട്ടി സെക്രട്ടറി വില്ലേജ് ഓഫിസില്‍ പോവരുത്. പോലിസ് സ്‌റ്റേഷനില്‍ പോവരുത്. അവരൊന്നും ഒരു വിഷയത്തിലും ഇടപെടരുത് എന്നാണ് നിര്‍ദേശം. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുകയാണ്. എന്നിട്ടും ഇവര്‍ക്കാര്‍ക്കും കണ്ണ് നിറയുന്നില്ലേ. എന്തേ നേതാക്കള്‍ ഏറ്റെടുക്കാത്തത്. കേരളം ഇന്ന് നേരിടുന്ന രാഷ്ട്രീയമായ ഏറ്റവും വലിയ വിഷയം ഏതാണ്. ഭയാനക വിഷയമാണത്. കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളും ഒറ്റക്കെട്ടാണ്. ഇവരെല്ലാം ഒറ്റക്കെട്ടാണ്. നമ്മള്‍ പൊതുജനങ്ങള്‍ വിചാരിക്കും കേസ് ഇപ്പോ തെളിയുമെന്ന്. പക്ഷേ, തെളിയില്ല. എന്തെങ്കിലും കാര്യത്തില്‍ ജിഫ്രി തങ്ങളോ കാന്തപുരമോ മറ്റേതെങ്കിലും നേതാക്കളോ പറഞ്ഞാല്‍ അവരെ അടിച്ചമര്‍ത്താന്‍ സൈബര്‍ ടീമുണ്ട്. അതിനു കാരണം ഇവരുടെ ഐക്യമാണ്. പ്രതിപക്ഷം ആത്മാര്‍ഥമായി ഏറ്റെടുത്തെന്ന് പറയാനാവുമോ. തൃശൂര്‍ പൂരം കലക്കി സീറ്റുണ്ടാക്കി കൊടുത്തിട്ടും മിണ്ടുന്നില്ലല്ലോ. തൃശൂര്‍ സീറ്റ് അജിത്ത് കുമാര്‍ സ്വന്തം ബിജെപിക്ക് കൊടുത്തതല്ല. ആരുടെയെങ്കിലും കര്‍ശന നിര്‍ദേശപ്രകാരമായിരിക്കില്ലേ ചെയ്തത്. ലീഗ് എന്താണ് ഇപ്പോള്‍ സമുദായത്തോട് ചെയ്യുന്നത്. സിഎച്ചും ശിഹാബ് തങ്ങളും ഉള്ളപ്പോള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല. കെ സുധാകരനും കുഞ്ഞാലിക്കുട്ടിയും ഒന്നും മിണ്ടുന്നില്ല. പൊതുജനങ്ങള്‍ വിഡ്ഢികളാണ്. സഖാക്കള്‍ സഹിക്കുകയെന്നതാണ്. പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് എട്ടുകൊല്ലം കൊണ്ട് കൂച്ചുവിലങ്ങിട്ടു. പല ഘട്ടങ്ങളിലായി പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട സഖാക്കളേ, എകെജി സെന്ററില്‍ കൊടുത്ത പരാതികളെ കുറിച്ച് സെക്രട്ടറി വെളിപ്പെടുത്തട്ടെ. എനിക്കും ഇവരുടെ കൂടെ നിന്നാല്‍ പോരേ. പക്ഷേ, എനിക്ക് അതിനാവില്ല. പ്രതികരിക്കും. പ്രതികരിച്ചുകൊണ്ടിരിക്കും. സഹിച്ചുനില്‍ക്കാന്‍ തല്‍ക്കാലം സൗകര്യമില്ല. എന്റെ വീട്ടിലെ കാര്യത്തിനല്ല. ഒരു കാലിച്ചായ പോലും ഇക്കാര്യത്തില്‍ കുടിച്ചിട്ടില്ല. ഒരു വര്‍ഗീയ കലാപമുണ്ടായി നോക്കട്ടെ. നാട് കുട്ടിച്ചോറാവും. ഇപ്പോ ആകെയുള്ള മനസ്സമാധാനം നഷ്ടപ്പെടും. ആളിക്കത്തും. അതിലേക്കാണ് കൊണ്ടുപോവുന്നത്. അത് തടുക്കാന്‍ കഴിയുമോയെന്നാണ് ആലോചിക്കുന്നത്.
കണ്ണൂരിലെ സഖാക്കളുടെ കാര്യം തന്നെ നോക്കൂ. സഖാക്കള്‍ പറയുന്നു, പ്രമാദമായ പല കേസുകളും അന്വേഷിച്ച ഡിവൈഎസ് പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ പ്രതിയാക്കാന്‍ ശ്രമിച്ചു. എകെജി സെന്ററിന് ബോംബെറിഞ്ഞ കേസില്‍ പി കെ ശ്രീമതി നടത്തിയ പരാമര്‍ശത്തില്‍ പരിഹാസ്യയാക്കി. എന്നിട്ടും എനിക്കെതിരേ പറയുകയാണിപ്പോള്‍. ഇതേ പോക്കാണെങ്കില്‍ കേരളത്തില്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി മാറും. എന്നെ കല്ലെറിയുന്ന സഖാക്കളോട് ഒരു വെറുപ്പുമില്ല. ഇന്നും സഖാക്കളാണ് എന്നെ പിന്തുണയ്ക്കുന്നത്. തെറ്റിദ്ധരിച്ച സഖാക്കള്‍ സത്യം തിരിച്ചറിയണം. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘങ്ങളാണ്. പി ശശിയും അജിത്ത് കുമാറും ഉള്‍പ്പെടുന്ന സംഘമാണ്. പാര്‍ട്ടിയില്‍ ഒരു റിയാസ് മാത്രം പോര. മുഖ്യമന്ത്രിയുടെ ഓഫിസ് നില്‍ക്കുന്നത് അഗ്നിപര്‍വതത്തിനു മുകളിലാണ്. അടിവേര് പൊളിക്കാന്‍ അന്‍വര്‍ തയ്യാറല്ല. എന്നെ കള്ളക്കേസില്‍ കുടുക്കാനോ കൊല്ലാനോ ആണ് തീരുമാനമെങ്കില്‍ അപ്പോള്‍ അറിയാം. എനിക്കു ലഭിച്ച വിവരങ്ങള്‍ പൂര്‍ണമായും പറയുകയാണെങ്കില്‍ എജെകി സെന്റര്‍ പൊളിച്ച് സഖാക്കള്‍ കിടന്നുറങ്ങും. എന്റെ കൈയിലുള്ള തെളിവുകള്‍ കൊണ്ടുനടക്കുകയല്ല ചെയ്യുന്നത്. എന്റെ ശത്രുക്കളെ കുറിച്ച് എനിക്കറിയാം. അജിത്ത് കുമാറിനുള്ള സ്വാധീനമറിയാം. വിദേശത്തും ഇതര സംസ്ഥാനത്തുമുള്ള സ്വാധീനമറിയാം. തെളിവുകളെല്ലാം കൊടുക്കേണ്ടിടത്ത് കൊടുത്തിട്ടുണ്ട്. ഇപ്പോഴത്തെ നേതാക്കള്‍ കമ്മ്യൂണിസ്റ്റ് നേതാക്കളല്ലേയെന്ന ചോദ്യത്തോട്, സൂപര്‍ നേതാക്കളാണെന്നും പക്ഷേ കാലില്‍ ചങ്ങലയുണ്ടെന്നും അന്‍വര്‍ പറഞ്ഞു. എന്റെ പാര്‍ട്ടി പാരമ്പര്യം പറഞ്ഞതൊക്കെ പറയാം. പക്ഷേ, ഭീഷണിപ്പെടുത്തിയാല്‍ പോവുമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റിപ്പോയി. അത്തരം കുടുംബത്തില്‍ നിന്നല്ല ഞാന്‍ വന്നത്. ഞാന്‍ ഈ ഭൂമിയില്‍ കീഴ്‌പ്പെടുന്നുണ്ടെങ്കില്‍ ദൈവത്തിനും സാധാരണക്കാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുന്നിലാവുമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും ആഭ്യന്തര വകുപ്പില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. അദ്ദേഹം അമ്പേ പരാജയമാണ്. ശിവശങ്കറും സ്വപ്‌നയും മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ കഴിയുമ്പോള്‍ ഇന്റലിജന്‍സും മറ്റും എവിടെയായിരുന്നുവെന്നും പി വി അന്‍വര്‍ ചോദിച്ചു.