കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമര്‍ദനം; പിതാവിനേയും രണ്ടാനമ്മയേയും പോലിസ് കസ്റ്റഡിയിലെടുത്തു
നിലമ്പൂര്‍: നിലമ്പൂര്‍ മമ്പാടില്‍ മാതാപിതാക്കള്‍ ഭക്ഷണം നല്‍കാതെ കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമര്‍ദനം. ഇതര സംസ്ഥാനക്കാരായ മക്കളായ ആറും നാലും വയസുള്ള കുട്ടികളെയാണ് ഭക്ഷണം നല്‍കാതെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് അവശരായ കുട്ടികളെ രക്ഷപ്പെടുത്തി നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പിതാവിനേയും രണ്ടാനമ്മയേയും പോലിസ് കസ്റ്റഡിയിലെടുത്തു. മമ്പാടുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇതരസംസ്ഥാന തൊഴിലാളികളായ കുടുംബം താമസിച്ചിരുന്നത്.
കുട്ടികളുടെ മാതാവ് നേരത്തെ മരിച്ചുപോയതാണ്. പിതാവ് പിന്നീട് വിവാഹം കഴിച്ച സ്ത്രീയാണ് ഇവര്‍ക്കൊപ്പമുള്ളത്. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടാണ് പിതാവും രണ്ടാനമ്മയും ജോലിക്ക് പോയിരുന്നത്. കുട്ടികള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ മുറിയുടെ ജനല്‍ തുറന്നു വെക്കാറുണ്ടായിരുന്നതിനാല്‍ സമീപത്ത് താമസിക്കുന്നവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. കഴിഞ്ഞദിവസം മുതല്‍ ജനലുകള്‍ അടച്ചിട്ടാണ് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ദമ്പതികള്‍ ജോലിക്ക് പോയത്. ഇതോടെ നാട്ടുകാര്‍ ഇടപെടുകയും ബന്ധപ്പെട്ടവരെ വിവരമറിയിച്ച് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുള്ളതായി പരിശോധനയില്‍ കണ്ടെത്തി. കുട്ടികളുടെ ശരീരത്തില്‍ മുറിവുകളുമുണ്ട്. ഒരു കുട്ടിയുടെ കണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു.