സിപിഐയ്ക്ക് എതിരെയുള്ള ചിന്താ വാരികയിലെ ലേഖനം തെറ്റ്: കോടിയേരി ബാലകൃഷ്ണൻ
ഇത്തരം വിവാദങ്ങള്‍ തുടരാന്‍ താത്പര്യമില്ല. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ചിന്തയ്ക്ക് നിര്‍ദേശം നല്‍കി.
കണ്ണൂർ: ചിന്ത – നവയുഗം പ്രസിദ്ധീകരണങ്ങളിലൂടെയുള്ള വിവാദങ്ങള്‍ അനവസരത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐയക്ക് എതിരെ ചിന്ത വാരികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണ്. സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വിവാദങ്ങള്‍ തുടരാന്‍ താത്പര്യമില്ല. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ചിന്തയ്ക്ക് നിര്‍ദേശം നല്‍കി. സിപിഐയുടെ നവയുഗം വാരികയിലും ചില കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പഴയ കാര്യങ്ങള്‍ പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട സമയമല്ലിത്. അങ്ങനെ പറയാനാണെങ്കില്‍ രണ്ട് കൂട്ടര്‍ക്കുമുണ്ട്. പക്ഷേ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സിപിഐ, സ്വന്തം സഖാക്കളെ ജയിലില്‍ അടച്ചവര്‍ സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് ഒപ്പം അധികാരം പങ്കിട്ടിരുന്നുവെന്നും ചിന്തയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഇഎംഎസ് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകനാണെന്ന് ആരോപിച്ചാണ് നവയുഗം രംഗത്തെത്തിയത്. 'കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍' എന്ന പുതിയ ലേഖനത്തിലൂടെയായിരുന്നു ആരോപണം.