എസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന് പരാതി
കോഴിക്കോട് പൊതുവിദ്യാഭ്യസ ഉപഡയറക്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും പോലിസിനും പരാതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: പ്ലസ്‌വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ ചോര്‍ന്നതായി പരാതി. ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങളുടെ മാതൃക സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് പുറത്തുവന്നത്. വ്യാഴാഴ്ചയായിരുന്നു പ്ലസ് വണ്‍ കണക്ക് പരീക്ഷ. പരീക്ഷയ്ക്കുവന്ന 23 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ബുധനാഴ്ച രാത്രി തന്നെ സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തില്‍ കോഴിക്കോട് പൊതുവിദ്യാഭ്യസ ഉപഡയറക്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും പോലിസിനും പരാതി നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും പരാതി പറയുന്നു.
ചോദ്യത്തിന്റെ ക്രമംപോലും തെറ്റാതെ ചര്‍ച്ചചെയ്യുന്ന വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. തുടര്‍ന്ന് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കുട്ടികള്‍ അധ്യാപകരോട് ചോദിച്ചുതുടങ്ങി. ഇതാണ് ഗുരുതരമായ കുറ്റകൃത്യം നടന്നെന്ന് സംശയമുണരാന്‍ കാരണം. ബുധനാഴ്ച നടന്ന എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയില്‍ വന്ന 80 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 70 ശതമാനവും നേരത്തെ തന്നെ ഇതേ ഓണ്‍ലൈന്‍ ചാനല്‍ പ്രവചിച്ചിരുന്നു.