ഭര്‍ത്താവിന് കൂടുതല്‍ സ്‌നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ ആക്രമിക്കുന്നു, ക്രൂരതക്ക് പരാതി നല്‍കി ഭാര്യ, കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
ബംഗളൂരു: ഭര്‍ത്താവിന് പൂച്ചയോടാണ് കൂടുതല്‍ സ്‌നേഹമെന്ന് ആരോപിച്ച് യുവതി നല്‍കിയ കേസിലെ തുടര്‍നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കണമെന്ന ഉദ്ദേശ്യത്തോടെ പൂച്ച നിരന്തരമായി ആക്രമിക്കുകയും മാന്തുകയും ചെയ്യുന്നതായും ബംഗളൂരു സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഐപിസി 498എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. ഭര്‍തൃവീട്ടിലെ ക്രൂരത, സ്ത്രീധന പീഡനം തുടങ്ങിയവക്ക് ഉപയോഗിക്കുന്ന വകുപ്പാണ് ഇത്.
ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹരജിയാണ് കര്‍ണാടക ഹൈക്കോടതി പരിഗണിച്ചത്. വിവാഹബന്ധത്തിലെ സ്വരചേര്‍ച്ചയില്ലായ്മയുമായി ബന്ധപ്പെട്ട കേസാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. '' ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതി ജീവിക്കുന്നത്. ഭര്‍ത്താവിന് സ്വന്തമായി പൂച്ചയുണ്ട്. തന്നേക്കാള്‍ കൂടുതലായി ഭര്‍ത്താവ് പൂച്ചയെ സ്‌നേഹിക്കുന്നു എന്നാണ് പറയുന്നത്. ഇക്കാര്യം ഭാര്യ ചൂണ്ടിക്കാട്ടിയാല്‍ മോശം വാക്കുകള്‍ ഉപയോഗിക്കുമെന്നും പറയുന്നു. ഇതാണ് പരാതിയുടെ ആകത്തുക. ഇത് സ്ത്രീധനം ആവശ്യപ്പെടുന്നതോ സ്ത്രീധനത്തിന് വേണ്ടി മര്‍ദ്ദിക്കുന്നതോ ഭര്‍തൃവീട്ടിലെ ക്രൂരതയോ അല്ല. പൂച്ച സ്ഥിരമായി ഭാര്യയെ മാന്തുകയും ആക്രമിക്കുകയും ചെയ്യുന്നു എന്നതാണ് പ്രശ്‌നം''- കോടതി പറഞ്ഞു.
ഇതിനെയൊന്നും ക്രിമിനല്‍ കുറ്റമായി കോടതികള്‍ക്ക് കാണാനാവില്ല. ഇത്തരം നിസ്സാര കേസുകള്‍ ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ്. തുടര്‍ന്നാണ് കേസിലെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്തത്. പ്രശ്‌നങ്ങള്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ സംസാരിച്ച് രമ്യമായി പരിഹരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനായി ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കാനും നിര്‍ദേശിച്ചു. വ്യാജ പീഡനപരാതികളില്‍ ജാഗ്രത വേണ്ട കാലമാണിതെന്നും കോടതി പറഞ്ഞു.