ലോക്ക് ഡൗണില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചു -ആറ് മാസത്തിനിടെ 135 സംഭവങ്ങള്‍

ഉത്തര്‍പ്രദേശിലാണ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. ആറ് മാസത്തിനിടെ 63 സംഭവങ്ങളാണ് യുപിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

Update: 2020-09-22 16:57 GMT
ന്യൂഡല്‍ഹി: കൊവിഡ് 19 ലോക്ക് ഡൗണ്‍ കാലയളവില്‍ രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ വര്‍ഗീയ ആക്രമണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ക്രൈസ്തവ സംഘടനകള്‍ പുറത്ത് വിട്ട രണ്ട് റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതായി ഫ്രണ്ട് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

'ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം ഏറെ പ്രയാസകരമായ അവസ്ഥയിലാണ്. ക്രൈസ്തവ വിഭാഗങ്ങള്‍ ഭീഷണിയും മാരകമായ അക്രമവും പുറത്താക്കലും നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിഭാഗത്തിന്റെ വീടുകളും ചര്‍ച്ചുകളും വ്യക്തികളും അക്രമിക്കപ്പെട്ട 135 സംഭവങ്ങള്‍ ഉണ്ടായതായി റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ഇവാന്‍ജലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ(ഇഎഫ്‌ഐ) ജൂലൈ മാധ്യത്തില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 1951 ല്‍ രൂപീകരിച്ച ഇഎഫ്‌ഐ രാജ്യത്തെ 65,000 ചര്‍ച്ചുകളുടെ ഏകോപന സമിതിയായാണ് പ്രവര്‍ത്തിക്കുന്നത്.

ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍, സാമൂഹിക ബഹിഷ്‌കരണം, പാര്‍ത്ഥന തടസ്സപ്പെടുത്തുക ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ജൂണ്‍ വരെയുള്ള കാലയളവില്‍ മാത്രം ഇഎഫ്‌ഐ മുന്‍കൈയ്യെടുത്ത് 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 'ലോക്ക് ഡൗണില്‍ മാര്‍ക്കറ്റുകളും സ്‌കൂളുകളും മറ്റു കച്ചവടസ്ഥാപനങ്ങളും അടച്ചതിനാല്‍ ആക്രമണങ്ങള്‍ കുറയുമെന്നാണ് കരുതിയത്. എന്നാല്‍, ഞങ്ങള്‍ക്ക് തെറ്റുപറ്റി. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്.' ഇഎഫ്‌ഐ ജനറല്‍ സെക്രട്ടറി വിജയേശ് ലാല്‍ പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ മാത്രം 33 ആക്രമണങ്ങള്‍ അരങ്ങേറി. ജൂണില്‍ 21 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ മാസത്തിലും ആക്രമങ്ങള്‍ വര്‍ദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലാണ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. ആറ് മാസത്തിനിടെ 63 സംഭവങ്ങളാണ് യുപിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 28 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. തമിഴ്‌നാട്ടില്‍ വര്‍ഗീയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചര്‍ച്ച് അഗ്നിക്കിരയാക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ 51 വര്‍ഗീയ ആക്രമങ്ങള്‍ അരങ്ങേറിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ വര്‍ഗീയ ആക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. 2014ല്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ 12 ക്രൈസ്തവ പുരോഹിതരെ ആക്രമിച്ച് പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയ സംഭവം ഉണ്ടായി. പ്രദേശത്തെ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ പ്രാര്‍ത്ഥന നിര്‍ത്തിവയ്ക്കാനാണ് പോലിസ് ഉപദേശിച്ചത്. മുന്‍പ് ചര്‍ച്ചുകള്‍ക്ക നേരെയാണ് ആക്രമണം അരങ്ങേറിയിരുന്നത്. ഇപ്പോള്‍ സ്വകാര്യ വ്യക്തികളും കുടുംബങ്ങളും നടത്തുന്ന പ്രാര്‍ത്ഥനകള്‍ പോലും തടസ്സപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇഎഫ്‌ഐ ജനറല്‍ സെക്രട്ടറി വിജയേശ് ലാല്‍ കൂട്ടിചേര്‍ത്തു.

Tags:    

Similar News