ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം: ഹരജി അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് ചീഫ് ജസ്റ്റിസ്
ബംഗളൂരു ആര്‍ച് ബിഷപ് ഡോ. പീറ്റര്‍ മെക്കാഡോയും നാഷനല്‍ സോളിഡാരിറ്റി ഫോറവും ദ ഇവാഞ്ചലിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യയും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ.
ബംഗളൂരു ആര്‍ച് ബിഷപ് ഡോ. പീറ്റര്‍ മെക്കാഡോയും നാഷനല്‍ സോളിഡാരിറ്റി ഫോറവും ദ ഇവാഞ്ചലിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യയും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ അഡ്വ. സാന്‍ഭ റന്‍ബോംഗ് ആണ് ഹരജി ശ്രദ്ധയില്‍പെടുത്തിയത്. ഹരജി കേള്‍ക്കാന്‍ തീയതി നിശ്ചയിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹരജിക്ക് അടിയന്തര സ്വഭാവമില്ലെന്നും തീയതി നിശ്ചയിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. എന്നാലും, ഒരു ബെഞ്ചിന് കേസ് കൈമാറിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യന്‍ സമൂഹത്തിനെതിരേ വ്യാപകമായ അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടത്തുന്ന സംഘങ്ങള്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും മറ്റ് സംവിധാനങ്ങളും പരാജയമാണെന്ന് ഹരജയില്‍ ചൂണ്ടിക്കാട്ടുന്നു.