മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു; വെടിവയ്ക്കാന്‍ ഗവര്‍ണറുടെ അനുമതി

Update: 2023-05-04 15:42 GMT

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കലാപകാരികളെ കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള പോലിസ് ഉത്തരവിന് ഗവര്‍ണറുടെ അംഗീകാരം. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും ബന്ധപ്പെട്ട എല്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകള്‍ക്കും/സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകള്‍ക്കും ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് നല്‍കാമെന്ന് മണിപ്പൂര്‍ ഗവര്‍ണര്‍ അറിയിച്ചത്. സിആര്‍പിസി 1973 പ്രകാരമാണ് നടപടി. അതേസമയം, സ്ഥിതിഗതികള്‍ വഷളായതോടെ സൈന്യത്തെയും അസം റൈഫിള്‍സിനെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 9,000 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

    പട്ടികവര്‍ഗ(എസ്ടി) പദവി നല്‍കണമെന്ന മെയ്‌തേതികളുടെ ആവശ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മെയ്‌തേതികളുടെ ആവശ്യത്തില്‍ പ്രതിഷേധിച്ച് ചുരാചന്ദ്പൂര്‍ ജില്ലയിലെ ടോര്‍ബംഗ് ഏരിയയില്‍ മെയ് മൂന്നിന് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂനിയന്‍ മണിപ്പൂര്‍(എടിഎസ്യുഎം) ആഹ്വാനം ചെയ്ത 'ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചി'നിടെ മണിപ്പൂരിലെ പല ജില്ലകളിലും അക്രമം അരങ്ങേറിയിരുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭ റാലിക്കിടെ ഗോത്രവര്‍ഗക്കാരും ആദിവാസികളല്ലാത്തവരും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് മണിപ്പൂരിലെ എട്ട് ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും അടുത്ത അഞ്ച് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. തന്റെ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാരില്‍ നിന്നും മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും സഹായം തേടിയിട്ടുണ്ടെന്നും ബോക്‌സിങ് ചാംപ്യന്‍ മേരി കോം ട്വീറ്റ് ചെയ്തു.

Tags:    

Similar News