ആദിവാസി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍: സര്‍ക്കാരും പോലിസും നിസ്സംഗത അവസാനിപ്പിക്കണം-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2023-05-11 06:33 GMT
ആദിവാസി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍: സര്‍ക്കാരും പോലിസും നിസ്സംഗത അവസാനിപ്പിക്കണം-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദിവാസി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുമ്പോഴും സര്‍ക്കാരും പോലിസും കാണിക്കുന്ന നിസ്സംഗത അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. വയനാട് തിരുനെല്ലിയില്‍ 30കാരിയായ ആദിവാസി യുവതി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തില്‍ പോലിസും അധികൃതരും പ്രതികളെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരിഷ്‌കൃത സമൂഹം ലജ്ജയോടെയാണ് കാണുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കേണ്ടവരില്‍ നിന്ന് നിരുത്തരവാദപരമായ സമീപനം ഉണ്ടാവുന്നത് നീതീകരിക്കാന്‍ ആവില്ല. മാനഭംഗത്തിനിരയായി ഗുരുതരമായി പരിക്കേറ്റ യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു നിര്‍ബന്ധമായും ഡിസ്ചാര്‍ജ് ചെയ്ത് ഒളിച്ചുകടത്തുകയായിരുന്നു. ഇതിന് ഒത്താശ ചെയ്ത ഡോക്ടര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണം. കേസ് അട്ടിമറിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയതും അന്വേഷിക്കണം. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. ആദിവാസി യുവതി ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ കുറ്റക്കാരെയും അവര്‍ക്ക് ഒത്താശ ചെയ്തവരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നേതൃത്വം നല്‍കുമെന്നും സംസ്ഥാന കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ സമിതിയംഗം അഡ്വ. സിമി എം ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍ കെ സുഹറാബി, ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, ഖജാഞ്ചി മഞ്ജുഷ മാവിലാടം സംസാരിച്ചു.

Tags:    

Similar News