വൃക്ക ദാനം ചെയ്യാന്‍ മൂന്നുതവണ സഭ അനുമതി നിഷേധിച്ചെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
മൃതദേഹം പഠനത്തിനു നല്‍കാന്‍ സന്നദ്ധത അറിയിച്ചു
പി സി അബ്ദുല്ല
കല്‍പറ്റ: തന്റെ വൃക്ക ദാനം ചെയ്യന്‍ മൂന്നു തവണ അനുമതി തേടിയിട്ടും സന്ന്യാസ മഠവും സഭാ അധികൃതരും അനുമതി നിഷേധിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. ജീവിതം പന്താടിയവരെ മരണാനന്തരം വേട്ടയാടാന്‍ അനുവദിക്കില്ലെന്നും തന്റെ ഭൗതിക ശരീരം പഠനാവശ്യത്തിനായി വിട്ടുനല്‍കാന്‍ സമ്മതം അറിയിച്ചത് നിറഞ്ഞ സന്തോഷത്തോടെയാണെന്നും സിസ്റ്റര്‍ ലൂസി തേജസ് ന്യൂസിനോട് പറഞ്ഞു. മരണാനന്തരം മൃതശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിനു നല്‍കാനാണ് സന്നദ്ധത അറിയിച്ചത്. വത്തിക്കാന്‍ വരെയെത്തുന്ന സന്യാസ സഭയുടെ വ്യക്തിഗത ഡയറിയിലും മൃതദേഹം പഠനത്തിനു നല്‍കുന്നത് രേഖപ്പെടുത്തി. ബന്ധപ്പെട്ട എല്ലാ രേഖകളിലും ഒപ്പിട്ടു നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഇതാദ്യമായാണ് ഒരു കന്യാസ്ത്രീ മരണാനന്തരം മുതദേഹം പഠനാവശ്യത്തിനു വിട്ടു നല്‍കുന്നത്. കത്തോലിക്കാ സഭയില്‍ വിശ്വാസപരവും ആചാര പരവുമായി നിലവിലുള്ള കീഴ് വഴക്കങ്ങളെ അവഗണിച്ചാണ് സിസ്റ്റര്‍ ലൂസിയുടെ തീരുമാനം. നേരത്തേ കണ്ണ് ദാനം ചെയ്യാന്‍ സിസ്റ്റര്‍ ലൂസി ശ്രമിച്ചിരുന്നു. പിന്നീട് വൃക്ക ദാനം ചെയ്യാനുള്ള നീക്കത്തെയും ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ പ്രവിന്‍ഷ്യല്‍ സുപ്പീരിയര്‍ വിലക്കി. മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള കാരക്കാമല കോണ്‍വെന്റിലാണ് സിസ്റ്റര്‍ ലൂസി ഇപ്പോഴുള്ളത്. ഇവിടെ നിന്ന് സിസ്റ്റര്‍ ലൂസിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഫ് സിസി മാനന്തവാടി പ്രവിന്‍ഷ്യലിന് കാരയ്ക്കാമല ഇടവകാംഗങ്ങള്‍ കത്ത് നല്‍കിയിരുന്നു. കോടതി സംരക്ഷണയിലാണ് സിസ്റ്റര്‍ ലൂസി ഇവിടെ കഴിയുന്നത്.
കാരക്കാമല മഠത്തില്‍നിന്ന് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലാണവര്‍. സഭയിലെ കൊള്ളരുതായ്മകള്‍ക്കെതിരേ പ്രതികരിച്ചതിനു തന്നെ വളഞ്ഞിട്ട് ആക്രമിച്ച് നിശബ്ദയാക്കാനാണ് എഫ്‌സിസി ശ്രമിക്കുന്നതെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വിശദീകരണം. പള്ളിമുറിയില്‍ വൈദികനെയും കന്യാസ്ത്രീയെയും സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെന്ന് അടുത്തിടെ സിസ്റ്റര്‍ ലൂസി ആരോപണമുന്നയിച്ചിരുന്നു. അതിനുപിന്നാലെ സിസ്റ്റര്‍ ലൂസിയെ വിമര്‍ശിച്ച് എഫ്‌സിസി മേലധികാരി സിസ്റ്റര്‍ ജ്യോതി മരിയ രംഗത്തുവന്നു. കാരയ്ക്കാമല ഇടവകയിലെ വികാരിയെയും അതേ ഇടവകയിലെ എഫ്‌സിസി സന്യാസ ഭവനത്തിലെ മദര്‍ സുപ്പീരിയറിനെയും ബന്ധപ്പെടുത്തിയായിരുന്നു വിവാദം.
Church had denied permission three times to donate a kidney: Sister Lucy Kalappura