സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി

Update: 2021-08-13 13:47 GMT

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കാരക്കാമല മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി വിധിച്ചു. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരേ സിസ്റ്റര്‍ ലൂസി നല്‍കിയ ഹരജിയില്‍ അന്തിമ വിധി വരുന്നതുവരെ കാരക്കാമല മഠത്തില്‍ തുടരാമെന്നാണ് ഉത്തരവ്. സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത് വത്തിക്കാന്‍ ശരിവച്ചതിനാല്‍ കോണ്‍വെന്റില്‍ താമസിക്കാന്‍ കഴിയില്ലെന്ന മദര്‍ സൂപ്പീരിയറുടെ വാദം കോടതി തള്ളി.

ഇതിനു മുമ്പ് മഠത്തില്‍ നില്‍ക്കുമ്പോള്‍ തനിക്ക് പോലിസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ച് സിസ്റ്റര്‍ ലൂസിയോട് മഠം വിട്ടുപോവാന്‍ സഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയാണ് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചത്. കാരയ്ക്കാമല മഠത്തിലല്ലാതെ മറ്റെവിടെയെങ്കിലും താമസിക്കേണ്ട സാഹചര്യമുണ്ടായാല്‍ സിസ്റ്ററിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് അന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മഠത്തില്‍ താമസിക്കാനുള്ള സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അവകാശത്തില്‍ മുന്‍സിഫ് കോടതി എത്രയും വേഗം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, സിസ്റ്റര്‍ ലൂസിയെ മഠത്തില്‍നിന്ന് പുറത്താക്കിയ നടപടിയെ വത്തിക്കാനും അംഗീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ മഠത്തില്‍നിന്നും പുറത്തുപോവണമെന്നുമാണ് സന്ന്യാസിനി സഭയുടെ ആവശ്യം. കോടതിയില്‍നിന്നുണ്ടായ അനുകൂല തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

Tags:    

Similar News