'അടഞ്ഞ അധ്യായം'; മിശ്രവിവാഹം ചെയ്തതിന് ഷിജിനെതിരേ പാര്‍ട്ടി നടപടിയുണ്ടാകില്ല

എല്ലാം അടഞ്ഞ അധ്യായമാണെന്നും, സംഘപരിവാര്‍ ഇക്കാര്യത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ കോടഞ്ചേരിയില്‍ നടത്തിയ വിശദീകരണയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Update: 2022-04-13 19:52 GMT

കോഴിക്കോട്: മിശ്രവിവാഹം ചെയ്തതിന് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവും പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗവുമായ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. എല്ലാം അടഞ്ഞ അധ്യായമാണെന്നും, സംഘപരിവാര്‍ ഇക്കാര്യത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ കോടഞ്ചേരിയില്‍ നടത്തിയ വിശദീകരണയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

'മനസ്സാ വാചാ കര്‍മ്മണാ' താനറിയാത്ത കാര്യത്തിന്റെ സംഘാടനം താനാണെന്ന രീതിയില്‍ പ്രചാരണമുണ്ടായെന്ന് വിശദീകരണയോഗത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് പറഞ്ഞു. വിഷയത്തില്‍ തന്റെ വിശദീകരണത്തില്‍ ചില പിഴവുകളുണ്ടായിട്ടുണ്ടെന്ന് ഏറ്റുപറഞ്ഞ ജോര്‍ജ് എം തോമസ്, നാവിന്റെ പിഴവ് മനസ്സിന്റെ കുറ്റമല്ലെന്നും തെറ്റ് പറ്റിയതാണെന്നും പറഞ്ഞു.

എന്നാല്‍, ജോര്‍ജ് എം തോമസിന് നയവ്യതിയാനം ഉണ്ടായെന്നും, അക്കാര്യം അദ്ദേഹം അറിയിച്ചപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് കൂടിയാലോചിച്ച് പാര്‍ട്ടിയുടെ നയം വ്യക്തമാക്കുകയാണ് ഉണ്ടായതെന്നും പി മോഹനന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ലൗ ജിഹാദ് ആര്‍എസ്എസ് അജണ്ടയാണെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി വ്യക്തമാക്കുന്നുവെന്നും ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുന്നതാണെന്നും പി മോഹനന്‍ ആവര്‍ത്തിച്ചു.

അതേസമയം, ഷിജിന്‍ ആരോടും കാര്യങ്ങള്‍ പറയാതിരുന്നതിന് പകരം, കാര്യങ്ങള്‍ പറഞ്ഞ് പോകാമായിരുന്നുവെന്ന് പി മോഹനന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അനുവാദം ഇല്ലാതെയായിരുന്നു അവരെ കൊണ്ടുപോയിരുന്നതെങ്കില്‍, പെണ്‍കുട്ടിക്കും അവരുടെ കുടുംബത്തിനും ഒപ്പം തന്നെയാണ് പാര്‍ട്ടി നിലകൊള്ളുക. ആദ്യമൊക്കെ അത്തരം പ്രചാരണമാണ് നടന്നത്.

എന്നാല്‍ ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ചില സംഘപരിവാറുകാര്‍ വന്നത് ആട്ടിന്‍കുട്ടിയെ ചെന്നായ്ക്കള്‍ സംരക്ഷിക്കാനെത്തിയത് പോലെയാണെന്നും മോഹനന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വേവലാതി പാര്‍ട്ടി മനസ്സിലാക്കുന്നുവെന്നും, പ്രശ്‌നപരിഹാരത്തിനായി മതമേലധ്യക്ഷന്‍മാരുമായി അടക്കം സംസാരിച്ചിട്ടുണ്ടെന്നും, പി മോഹനന്‍ വിശദീകരണയോഗത്തിന് ശേഷം വ്യക്തമാക്കി. കുടുംബം കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ആശങ്കകള്‍ ഇല്ലാതാകും. ഈ വിവാദം ഇവിടെ അവസാനിച്ചുവെന്നും, സംഘപരിവാറുകാര്‍ക്ക് മറ്റ് ജോലികളൊന്നും ഇല്ലാത്തതുകൊണ്ടാണ് മുതലെടുപ്പ് തുടരുന്നതെന്നും പി മോഹനന്‍ പരിഹസിച്ചു.

Tags:    

Similar News