മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്;സ്വപ്‌നയുടെ കത്ത് പുറത്ത് വിട്ട് പി സി ജോര്‍ജ്

കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു

Update: 2022-06-08 07:43 GMT

കോട്ടയം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് തന്നെ വന്നുകണ്ടിരുന്നെന്ന് പി സി ജോര്‍ജ്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയത്.ഇതില്‍ ഗൂഢാലോചനകളൊന്നും തന്നെയില്ല.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.സ്വപ്‌നയുടെ കത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി.

ഫെബ്രുവരിയിലാണ് സ്വപ്‌ന തന്നെ കാണാന്‍ വന്നത്. അന്ന് സ്വപ്‌ന തനിക്ക് ഒരു കത്ത് നല്‍കിയിട്ടുണ്ടെന്നും,സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതിലുള്ളതെന്നും പി സി ജോര്‍ജ് പറഞ്ഞു.കത്തില്‍ ശിവങ്കറിനെതിരെ ആരോപണങ്ങളുണ്ടെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.ഈ വിവരങ്ങളുമായി ബന്ധപ്പെട്ട് താന്‍ ഹൈക്കോടതിയില്‍ പോകാന്‍ തയ്യാറായിരുന്നെങ്കിലും സ്വപ്‌ന വരാതിരുന്നതിനാലാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷിനും സരിത്തിനും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കാളിത്തമുണ്ടെന്നു പി സി ജോര്‍ജ് ആരോപിച്ചു. കേസില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. പിണറായിയുടെ മക്കള്‍ ശതകോടിശ്വരന്മാരാണ്. എങ്ങനെ മുഖ്യമന്ത്രിയുടെ മക്കള്‍ ശത കോടീശ്വരന്‍ ആയി. പിണറായി ഇരുന്നിടത്ത് ഒക്കെ കട്ടിട്ടുണ്ട്. വൈദ്യുതി മന്ത്രി ആയപ്പോഴും മോഷ്ടിച്ചു. എവിടെ ഇരുന്നാലും കക്കുന്നു. ലാവ്‌ലിന്‍ അതിന് ഉദാഹരണമാണ്. അമേരിക്കയില്‍ ഫാരിസ് അബൂബക്കറിന് ഒപ്പം ആയിരുന്നു മുഖ്യമന്ത്രി. ഫാരിസ് ആണ് ഭരണം നടത്തുന്നത്. പിണറായി ചെത്തുകാരന്റെ മകനെന്ന് അഭിമാനത്തോടെ പറയാറുണ്ട്. എന്നാല്‍ മക്കള്‍ ശതകോടിശ്വരന്‍മാരായി മാറിയതെങ്ങനെയെന്നും പി സി ജോര്‍ജ് ചോദിച്ചു.

Tags:    

Similar News