അടുത്ത നാല് മാസവും ഭക്ഷ്യകിറ്റ്; 100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നവംമ്പര്‍ 1 നുള്ളില്‍ 14 ഇനം പച്ചക്കറിക്ക് തറ വില പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃഷിക്കാര്‍ക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം നല്‍കും.

Update: 2020-08-30 12:34 GMT

തിരുവനന്തപുരം: അടുത്ത 100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിനെ പ്രതിരോധിച്ച് ജീവിതം നാം മുന്നോട്ടുകൊണ്ടുപോവുകയാണെന്നും സമൂഹത്തിലും സമ്പത്തിലും പകര്‍ച്ചവ്യാധി ഗൗരവമായ തകര്‍ച്ച സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നവകേരളത്തിനുള്ള പ്രവര്‍ത്തനം മുന്നേറുമ്പോഴാണ് മഹാവ്യാധി നേരിട്ടത്. അതിനുമുമ്പ് പ്രകൃതി ദുരന്തവും നേരിട്ടു. അതുമൂലം വേഗം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഉല്‍സാഹത്തോടെ മുന്നോട്ട് കൊണ്ടുപോകണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി ഇല്ല. ഇനിയുള്ള ദിവസത്തിലും കൊവിഡ് ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് നേരിട്ട് തന്നെ പരമാവധി സമാശ്വാസ നടപടികള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ പാടില്ല. 88 ലക്ഷം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു.

സംസ്ഥാനത്ത് ഭക്ഷ്യ കിറ്റ് വിതരണം നാല് മാസം കൂടി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റേഷന്‍ കട വഴി ആയിരിക്കും ഭഷ്യ കിറ്റ് വിതരണം. ഈ സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക 100 രൂപ വീതം കൂട്ടി. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 58 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ വര്‍ധന ചെയ്യും. ആരോഗ്യ വകുപ്പില്‍ നൂറ് ദിവസത്തിനുള്ളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പരിശോധന പ്രതിദിനം അര ലക്ഷം ആക്കും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നൂറ് ദിവസം കൊണ്ട് ഉദ്ഘാടനം ചെയ്യുമെന്നും പിണറായി പ്രഖ്യാപിച്ചു. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, മൂന്നു കാത്ത് ലാബുകള്‍ എന്നിവയും ആരംഭിക്കും.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ഇതുവരെ 386 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. അടുത്ത നൂറ് ദിവസത്തില്‍ 153 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും. കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ രാവിലെയും വൈകിട്ടും ഒ പി പ്രവര്‍ത്തിക്കും. രാവിലേയും വൈകുന്നേരവും ഇവിടെ ഒപി ഉണ്ടാകും. 10 പുതിയ ഡയാലിസിസ് കേന്ദ്രം, 9 സ്‌കാനിംഗ് കേന്ദ്രം, 3 പുതിയ കാത്ത് ലാബുകള്‍, 2 ആധുനിക ക്യാന്‍സര്‍ ചികിത്സാ സംവിധാനം എന്നിവ പൂര്‍ത്തീകരിക്കും. 2021 ജനവരിയില്‍ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 250 പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കും.

സ്‌കൂള്‍ തുറക്കുമ്പോള്‍ 11,400 ഹൈടെക് കമ്പ്യൂട്ടര്‍ ലാബ് സജീകരിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് കോളേജില്‍ 150 പുതിയ കോഴ്സ് അനുവദിക്കും. ആദ്യത്തെ 100 കോഴ്സ് സെപ്തംബര്‍ 15 നകം പ്രഖ്യാപിക്കും. നവീകരിച്ച് 10 ഐടിഐകള്‍ ഉദ്ഘാടനം ചെയ്യും. ഈ സര്‍ക്കാര്‍ 4 വര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. പൊതുമേഖല സ്ഥാപനങ്ങളുടെ കണക്ക് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. 100 ദിവസത്തിനുള്ളില്‍ കോളേജ്, ഹയര്‍ സെക്കന്ററി മേഖലകളില്‍ 1000 തസ്തിക സൃഷ്ടിക്കും. 15000 നവ സംരംഭത്തിലൂടെ 50000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു വര്‍ഷത്തോളം കുട്ടികള്‍ വിദ്യാലയങ്ങളില്‍ നിന്നും അകന്ന് നിന്നു. ഇനി സ്‌കൂളിലേക്ക് തിരിച്ചു വരുന്ന കുട്ടികളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തലവും ഒരുക്കി വരവേല്‍ക്കും. അഞ്ഞൂറിലേറെ കുട്ടികള്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കിഫ്ബി സഹായത്തോടെ കെട്ടിട്ടനിര്‍മ്മാണം നടക്കുകയാണ്. 5 കോടി മുടക്കി 35 കെട്ടിട്ടങ്ങളും മൂന്ന് കോടി മുടക്കി 14 കെട്ടിട്ടങ്ങളും ഈ നൂറ് ദിവസത്തില്‍ ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂള്‍ കെട്ടിട്ടങ്ങളുടെ പണിയും പൂര്‍ത്തിയാക്കും. 2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നവംമ്പര്‍ 1 നുള്ളില്‍ 14 ഇനം പച്ചക്കറിക്ക് തറ വില പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃഷിക്കാര്‍ക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം നല്‍കും. രണ്ടാം കുട്ടനാട് പാക്കേജ് തുടങ്ങും. 13 വാട്ടര്‍ ഷെഡ് പദ്ധതികള്‍. 69 തീര ദേശ റോഡ് ഉത്ഘാടനം ചെയ്യും. ഒന്നരലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കും. ശബരിമലയില്‍ 28 കോടിയുടെ മൂന്ന് പദ്ധതികള്‍. 1000 ജനകീയ ഹോട്ടലുകള്‍ പദ്ധതി കുടുംബശ്രീ പൂര്‍ത്തീകരിക്കും. നൂറ് ദിവസത്തിനുള്ളില്‍ 25000 വീടുകള്‍ കൂടി ലൈഫ് വഴി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.




Tags:    

Similar News