സി എം രവീന്ദ്രന്റെ രണ്ടാം ദിന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; വിട്ടയച്ചത് രാത്രി 11.15ഓടെ
തുടര്‍ച്ചയായി 13 മണിക്കൂര്‍ ആണ് സി എം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വ്യാഴാഴ്ച 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് വെള്ളിയാഴ്ച രാവിലെ രവീന്ദ്രന്‍ വീണ്ടും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസില്‍ ഹാജരായത്.
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടര്‍ച്ചയായി 13 മണിക്കൂര്‍ ആണ് സി എം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വ്യാഴാഴ്ച 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് വെള്ളിയാഴ്ച രാവിലെ രവീന്ദ്രന്‍ വീണ്ടും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസില്‍ ഹാജരായത്.
നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സ്വത്തു വിവരങ്ങള്‍ തുടങ്ങിയവയും ഇദ്ദേഹത്തില്‍നിന്ന് ഇഡി ചോദിച്ചറിയുന്നുണ്ട്. ഇദ്ദേഹത്തിന് ബിനാമി സ്വത്ത് ഉണ്ടോ എന്ന വിവരങ്ങളും ഇഡി അന്വേഷണ സംഘം തേടിയിരുന്നു.
ഇഡിയുടെ നാലാമത്തെ നോട്ടിസില്‍ വ്യാഴാഴ്ച രാവിലെ ഹാജരായ രവീന്ദ്രനെ രാത്രി 11.15 വരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിനിടെ ഭക്ഷണത്തിനും വിശ്രമത്തിനും സമയം അനുവദിച്ചത് ഒഴിച്ചാല്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനാണ് വിധേയനായത്. തന്നെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഹര്‍ജിയില്‍ വിധി വരുന്നതിനു മുമ്പു തന്നെ ഇദ്ദേഹം അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുകയും ചെയ്തു. രാവിലെ 11ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടെങ്കിലും രാവിലെ 8.45ന് തന്നെ ഇദ്ദേഹം ഹാജരായി.
രവീന്ദ്രന്റെയും ബന്ധുക്കളുടെയും സ്വത്തു വിവരം സംബന്ധിച്ചായിരുന്നു വ്യാഴാഴ്ച ചോദ്യം ചെയ്തത് എന്നാണ് ഇഡി വൃത്തങ്ങളില്‍നിന്ന് ലഭിച്ച വിവരം. ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും അഞ്ചു വര്‍ഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകളുമായാണ് ഇദ്ദേഹം ഇന്നലെ ഹാജരായത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചെങ്കിലും കൊച്ചിയില്‍ തന്നെ താമസിച്ച് വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് എത്തുകയായിരുന്നു.
രണ്ടു ദിവസമായി നടന്നത് പ്രാഥമിക ചോദ്യം ചെയ്യലെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. നാളെ ചോദ്യം ചെയ്യല്‍ ഇല്ല. മൊഴികള്‍ വിലയിരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് സി എം രവീന്ദ്രന്‍ ഇഡിയ്ക്ക് ഇന്നലെ മൊഴി നല്‍കിയത്.