തീരപരിപാലന നിയമം ലംഘിച്ചു; കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന് സുപ്രിംകോടതി
ഒരുമാസത്തിനകം പൊളിച്ചുനീക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിങ് എന്നീ അപ്പാര്‍ട്ട്‌മെന്റുകളാണ് പൊളിക്കാന്‍ മരട് മുനിസിപ്പാലിറ്റിയോട് ഉത്തരവിട്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ഒരുമാസത്തിനകം പൊളിച്ചുനീക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിങ് എന്നീ അപ്പാര്‍ട്ട്‌മെന്റുകളാണ് പൊളിക്കാന്‍ മരട് മുനിസിപ്പാലിറ്റിയോട് ഉത്തരവിട്ടിരിക്കുന്നത്. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
അനധികൃത നിര്‍മാണം കാരണം ഇനിയൊരു പ്രളയവും പേമാരിയും കേരളത്തിന് താങ്ങാനാവില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മാണം കൂടി കാരണമാണെന്നും കോടതി വിലയിരുത്തി. മരട് മുനിസിപ്പാലിറ്റിയാവുന്നതിന് മുമ്പ്, 2006ല്‍ പഞ്ചായത്തായിരിക്കെയാണ് ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. കേരളാ തീരദേശ പരിപാലന ചട്ടം ലംഘിച്ചാണ് ഈ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളതെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കെട്ടിടനിര്‍മാതാക്കള്‍ക്ക് അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് തീരദേശപരിപാലന അതോറിറ്റിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.