രാഹുല്‍ ഗാന്ധി പലതവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ആരോപണത്തിന് മറുപടിയുമായി സിആര്‍പിഎഫ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി സിആര്‍പിഎഫ് രംഗത്ത്. ഡല്‍ഹി പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി പലതവണ സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് സിആര്‍പിഎഫ് വ്യക്തമാക്കി. ഡിസംബര്‍ 24ന് നടന്ന യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനാണ് സിആര്‍പിഎഫിന്റെ മറുപടി. യാത്ര നടക്കുന്ന ദിവസം എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഡല്‍ഹി പോലിസ് അറിയിച്ചെന്നും സിആര്‍പിഎഫ് വിശദീകരിച്ചു. യാത്ര കടന്നുപോവുന്നിടത്തെല്ലാം
സംസ്ഥാന പോലിസുമായും മറ്റ് ഏജന്‍സികളുമായും ഏകോപിപ്പിച്ചാണ് സിആര്‍പിഎഫ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഡിസംബര്‍ 24ന് നടക്കുന്ന പരിപാടിക്കായി അഡ്വാന്‌സ് സെക്യൂരിറ്റി ലെയ്‌സണ്‍ രണ്ടുദിവസം മുമ്പ് നടത്തിയിരുന്നു. ഒരു പ്രധാന ഇവന്റിനായി ഒരു വിഐപിയുടെ സുരക്ഷ ആസൂത്രണം ചെയ്യുന്നതിന് സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന മീറ്റിങ്ങാണ് അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണ്‍. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ഭാഗത്തു നിന്ന് പല സന്ദര്‍ഭങ്ങളിലും നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനങ്ങളുണ്ടായി.
ഈ വസ്തുത കാലാകാലങ്ങളില്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സേന വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ കൂടി കടന്നുപോവുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലിസ് പൂര്‍ണമായും പരാജയപ്പെട്ടെന്നാരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് സിആര്‍പിഎഫിന്റെ പ്രതികരണം. സെഡ് പ്ലസ് സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. യാത്ര പഞ്ചാബിലെയും ജമ്മു കശ്മീരിലെയും സെന്‍സിറ്റീവ് സോണുകളില്‍ പ്രവേശിക്കുമ്പോള്‍ രാഹുലിന് മതിയായ സുരക്ഷ വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.