സംഘപരിവാര ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കി കുസാറ്റ്: കാംപസില്‍ സരസ്വതിപൂജ നടത്താന്‍ അനുമതി നല്‍കി

കാംപസില്‍ സരസ്വതി പൂജ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നെങ്കിലും അനുമതി നല്‍കാനാവില്ലെന്ന് വൈസ് ചാന്‍സ്‌ലര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Update: 2019-02-07 17:22 GMT

കൊച്ചി: കാംപസില്‍ മതാചാരങ്ങള്‍ അനുവദിക്കാനാവില്ലെന്ന മുന്‍നിലപാടു തിരുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്). സര്‍വകലാശാലക്കു കീഴിലുള്ള കുട്ടനാട് എഞ്ചിനീയറിങ് കോളജില്‍ ഹിന്ദുമത ചടങ്ങായ സരസ്വതീ പൂജ നടത്താനാണ് അധികൃതര്‍ സമ്മതം നല്‍കിയത്. കാംപസില്‍ സരസ്വതി പൂജ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നെങ്കിലും അനുമതി നല്‍കാനാവില്ലെന്ന് വൈസ് ചാന്‍സ്‌ലര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല മതേതര സ്ഥാപനമാണെന്നും അതിനാല്‍ ഒരുവിധ മത ആചാരങ്ങള്‍ക്കും അനുമതി നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി, ആലപ്പുഴ എന്നിവടങ്ങളിലെ കാംപസുകളില്‍ മതപരിപാടിക്ക് ചാന്‍സലര്‍ അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചു കൊണ്ടു സര്‍വകലാശാല രജിസ്ട്രാര്‍ നോട്ടിസും പുറത്തിറക്കിയിരുന്നു. എന്നാല്‍ സംഘപരിവാര പിന്തുണയോടെ ഉത്തരേന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കാംപസില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ചടങ്ങുകള്‍ നടത്തിയിരുന്നെന്നും ഈ വര്‍ഷവും പരിപാടിക്കു അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതോടെ സരസ്വതി പൂജ നടത്താന്‍ അനുവദിക്കാമെന്നു അധികൃതര്‍ അറിയിക്കുകയായിരുന്നു. ഈ മാസം 10നു പരിപാടി നടത്താനാണു അനുമതി. പൂജക്കു സര്‍വകലാശാല സമ്മതം നല്‍കിയതായി കുട്ടനാട് എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ കുമാറും സ്ഥിരീകരിച്ചു. ചടങ്ങുകള്‍ സമാധാനപരമായിരിക്കണമെന്നും പഠനത്തെ ബാധിക്കരുതെന്നും വിദ്യാര്‍ഥികളോടു നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ കാംപസില്‍ നടത്തിയ അക്രമത്തെ തുടര്‍ന്നു ദിവസങ്ങളോളം കോളജ് അടച്ചിട്ടിരുന്നു. കോളജ് പരിപാടിക്കിടെ തങ്ങള്‍ക്കു ബീഫ് കട്‌ലറ്റു നല്‍കിയെന്നാരോപിച്ചാണു ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ അന്നു കാംപസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. തുടര്‍ന്നു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും കോളജ് അടച്ചിടുകയുമായിരുന്നു.

Tags:    

Similar News