റാമല്ല: ഫലസ്തീനുമായുള്ള ബന്ധം നവീകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി റാമല്ലയില്‍ എംബസി തുറക്കാന്‍ കൊളംബിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു. 2023 ഒക്ടോബറില്‍ കൊളംബിയയിലെ ഫലസ്തീന്‍ അംബാസഡര്‍ റൗഫ് അല്‍ മാല്‍ക്കിക്ക് നയതന്ത്ര പ്രാതിനിധ്യത്തിനു വേണ്ടിയുള്ള തന്റെ ഉദ്ദേശ്യം പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ നീക്കം ആസൂത്രണം ചെയ്തതായി കൊളംബിയയിലെ എല്‍ സ്‌പെക്ടഡോര്‍ പത്രം റിപോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ കടുത്ത വിമര്‍ശകനാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഈ മാസം ആദ്യം കൊളംബിയയും ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച അദ്ദേഹം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വംശഹത്യ നടത്തുന്നയാള്‍ എന്നാണ് വിളിച്ചത്. ഇന്നലെ, നോര്‍വേ, അയര്‍ലാന്‍ഡ്, സ്‌പെയിന്‍ എന്നിവയുടെ നേതാക്കള്‍ തങ്ങളുടെ രാജ്യങ്ങള്‍ ഫലസ്തീനെ അടുത്തയാഴ്ച ഔദ്യോഗികമായി ഒരു രാജ്യമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഇസ്രായേല്‍ മൂന്ന് രാജ്യങ്ങളിലെയും തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചിരുന്നു.