മഹാരാഷ്ട്രയിലെ സത്താറയില്‍ സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, വീടുകള്‍ കത്തിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ സോഷ്യല്‍ മീഡിയാ പോസ്റ്റിനെ ചൊല്ലി സംഘര്‍ഷം. രണ്ട് മുസ് ലിം യുവാക്കള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്ക്. നിരവധി വീടുകള്‍ക്ക് തീയിട്ടു. ഞായറാഴ്ചയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് സത്താര ടൗണില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഖതാവ് താലൂക്കിലെ പുസേവാലി ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്. ഇതിന്റെ പരിസരത്തു നിന്നെത്തിയ ഹിന്ദുത്വര്‍ മുസ് ലിംകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സംഘര്‍ഷം രൂക്ഷമായതോടെ സത്താറ ജില്ലാ ഭരണകൂടം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. നിരവധി വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടതായി നാഷനല്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. ഈയടുത്ത കാലത്തായി സത്താറ, സാംഗ്ലി ജില്ലകളില്‍ സകാല്‍ ഹിന്ദു സമാജിന്റെ പേരില്‍ മുസ് ലിം വിരുദ്ധ നടപടികളുണ്ടായിരുന്നു. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലൂള്ള വിവിധ പരാപാടികളും കാംപയിനുകളും ഇവരുടെ നേതൃത്വത്തില്‍ നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ് സോഷ്യല്‍മീഡിയയിലെ സ്റ്റാറ്റസായി ആക്ഷേപകരമായ പോസ്റ്റിട്ടെന്നു പറഞ്ഞ് ഞായറാഴ്ച രാത്രി 11ഓടെ ഒരുസംഘം ആക്രമണം നടത്തിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പ്രദേശത്ത് പോലിസ് സേനയെ വിന്യസിച്ചതായി സത്താറ പോലിസ് അറിയിച്ചു.
ആയിരത്തിലേറെ പേരടങ്ങിയ അക്രമികള്‍ മുസ് ലിം പ്രദേശത്തെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കൈവണ്ടികള്‍ എന്നിവ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജനക്കൂട്ടം ചില വീടുകള്‍ക്ക് തീയിടുകയും അടിച്ചുതകര്‍ക്കുകയുമായിരുന്നു. അതിനിടെ, സോഷ്യല്‍മീഡിയ പോസ്റ്റിന്റെ പേരില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എസ്പി സമീര്‍ ഷെയ്ഖ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സത്താറ പോലിസ് സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൗരന്മാര്‍ കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ആക്ഷേപകരമായ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ഉടന്‍ തന്നെ പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എസ് പി സമീര്‍ ഷെയ്ഖ് പറഞ്ഞു.