തൃശൂര്‍: തൃശൂര്‍ തെക്കുംകരയില്‍ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം നടത്തിയ തിരുവാതിരക്കെതിരെ പോലിസില്‍ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്താണ് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി.
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പോലും പരിഗണിക്കാതെ നടത്തിയ തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പാറശാലയില്‍ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാര്‍ട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, തിരുവാതിരക്കളി പോലെ ആളുകള്‍ കൂടുന്ന പരിപാടികള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ നേതൃത്വം അറിയിച്ചു. 21 മുതല്‍ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സമ്മേളനം. പാറശ്ശാലയില്‍ സിപിഎം ജില്ലാ നേതൃത്വം നടത്തിയ മെഗാ തിരുവാതിരയില്‍ സംസ്ഥാന നേതൃത്വം വിശദീകരണം തേടാന്‍ തീരുമാനിച്ചിരിക്കെയാണ് പുതിയ തിരുവാതിര വിവാദം.