പിഎം ബഷീറിനെതിരേ എസ്‌സി എസ്ടി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പരാതി; ഒത്തുതീർപ്പാക്കാൻ പോലിസ് ശ്രമം
നാളെ പരാതിക്കാരേയും ആരോപണ വിധേയരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതി തീർപ്പാക്കാൻ ശ്രമിക്കുമെന്നും അഗളി പോലിസ് തേജസ് ന്യുസിനോട് പറഞ്ഞു. ഇതേ നിലപാടാണ് പോലിസ് പരാതിക്കാരോടും എടുത്തതെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം പരാതി ലഭിച്ചാൽ എഫ്‌ഐആർ ഇട്ട് അന്വേഷണം ആരംഭിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.
അഗളി: ലൈഫ് മിഷൻ പദ്ധതി ഫണ്ട് തട്ടിയെടുത്ത സിപിഐ നേതാവടക്കം നാല് പേർക്കെതിരേ പരാതിയുമായി ആദിവാസികൾ. സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗം പിഎം ബഷീർ, സുഹൃത്ത് അബ്ദുൾ ഗഫൂർ, അഗളി പഞ്ചായത്ത് വാർഡ് കൗൺസിലർ ജാക്കീർ, ട്രൈബൽ ഓഫീസർ മുഹമ്മദ് നിസാറുദ്ദീൻ എന്നിവർക്കെതിരെയാണ് തട്ടിപ്പിനിരയായ ആദിവാസി സ്ത്രീ കലാമണി അഗളി പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതി.
അട്ടപ്പാടിയിലെ ഭൂതിവഴി ഊരിലെ ഏഴ് ആദിവാസി കുടുംബങ്ങളെയാണ് തട്ടിപ്പിന് ഇരയായത്. പട്ടികവര്‍ഗ വകുപ്പ് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മിക്കുന്നതിന് നിലമ്പൂര്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂറുമായി ഇവര്‍ ഒരു വീടിന് 392500 രൂപയ്ക്ക് കരാറുണ്ടാക്കിയിരുന്നു. പിന്നീട് ഈ വീടുകള്‍ എല്ലാം ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഒരുലക്ഷത്തിലധികം രൂപ വീട് നിർമാണത്തിന് സർക്കാർ അനുവദിച്ചിരുന്നു. കരാറുറപ്പിച്ച ആദിവാസി കുടുംബങ്ങളെ ബാങ്കിലെത്തിച്ച് സ്വന്തം അക്കൌണ്ടിലേക്ക് പണം മാറ്റുകയാണ് സി.പി.ഐ നേതാവായ ബഷീര്‍ ചെയ്തത്. ഓരോരുത്തരുടെയും അക്കൌണ്ടില്‍ നിന്ന് 1, 28500 രൂപ വീതം തട്ടിയെടുത്തതായാണ് ആരോപണം.
തൻറെ സുഹൃത്തായ കരാറുകാരന്‍ ഗഫൂറിന് ലഭിക്കാനുള്ള പണമാണ് തന്റെ അകൌണ്ടിലേക്ക് മാറ്റിയതെന്നാണ് പി.എം ബഷീറിന്റെ വിശദീകരണം. എന്നാൽ പണം തട്ടിയത് ബോധ്യപ്പെട്ടതിനെ തുടർന്ന് കരാറുകാരായ ബഷീറിനോടും കൂട്ടരോടും അന്വേഷിച്ചപ്പോൾ ജാതീയമായി അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. ഏഴുപേരിൽ നിന്നായി ഒമ്പത് ലക്ഷത്തോളം രൂപയാണ് ബഷീറിൻറെ അകൗണ്ടിലേക്ക് മാറ്റിയത്. അതേസമയം ഇതൊരു ആരോപണം മാത്രമാണെന്നും പോലിസ് അന്വേഷിക്കട്ടെയെന്നുമാണ് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണദാസ് തേജസ് ന്യുസിനോട് പറഞ്ഞത്.
തട്ടിപ്പിനിരയായ ആദിവാസികൾ ഐടിഡിപിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പരാതി അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപെട്ട് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ മലപ്പുറം എസ്പിക്ക് കത്തുനല്‍കിയിരുന്നു. എന്നാൽ ഈ പരാതിയിന്മേൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ആദിവാസികൾ അഗളി എസ്എച്ച്ഒ മുൻപാകെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം നാളെ പരാതിക്കാരേയും ആരോപണ വിധേയരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതി തീർപ്പാക്കാൻ ശ്രമിക്കുമെന്നും അഗളി പോലിസ് തേജസ് ന്യുസിനോട് പറഞ്ഞു. ഇതേ നിലപാടാണ് പോലിസ് പരാതിക്കാരോടും എടുത്തതെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം പരാതി ലഭിച്ചാൽ എഫ്‌ഐആർ ഇട്ട് അന്വേഷണം ആരംഭിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.