വായ്പ എടുക്കാത്ത ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 50 ലക്ഷത്തിന്റെ ജപ്തി നോട്ടിസ്; കരുവന്നൂര്‍ ബാങ്കിനെതിരേ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി

ഓട്ടോറിക്ഷ ഡ്രൈവറായ ഇരിങ്ങാലക്കുട സ്വദേശി രാജുവിനാണ് ബാങ്ക് നോട്ടിസ് ലഭിച്ചത്. 50 ലക്ഷം രൂപയുടെ വായ്പ എടുത്തെന്ന് കാട്ടിയാണ് നോട്ടിസ്.

Update: 2021-07-23 11:07 GMT

തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പയെടുക്കാത്തയാള്‍ക്കും ജപ്തി നോട്ടീസ്. ഓട്ടോറിക്ഷ ഡ്രൈവറായ ഇരിങ്ങാലക്കുട സ്വദേശി രാജുവിനാണ് ബാങ്ക് നോട്ടിസ് ലഭിച്ചത്. 50 ലക്ഷം രൂപയുടെ വായ്പ എടുത്തെന്ന് കാട്ടിയാണ് നോട്ടിസ്. ഇതേതുടര്‍ന്ന് ഇയാള്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കി.

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു ഭരണസമിതി അംഗങ്ങളോട് സിപിഎം വിശദീകരണം തേടി. ബാങ്ക് സെക്രട്ടറി ടി ആര്‍ സുനില്‍ കുമാറും മാനേജര്‍ കരീമുമാണ് കേസിലെ മുഖ്യപ്രതികള്‍. ഇവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് പുതിയ കേസ് എടുത്തു.

കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ നടന്നത് ആയിരം കോടിയുടെ തിരിമറിയാണെന്നാണ് പുറത്തുവരുന്ന വിവരം. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോര്‍ട്ട് നിര്‍മാണം, ഇതിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെയെത്തിയ ഭീമമായ നിക്ഷേപം, ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവയെല്ലാം തട്ടിപ്പിന്റെ ഭാഗമായിരുന്നു.

ചെറിയ തുകയുള്ള ഭൂമി ഈടുവെച്ച് ഭീമമായ വായ്പയെടുത്തശേഷം എത്രയും പെട്ടെന്ന് ജപ്തിനടപടി സ്വീകരിക്കുന്നതും വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പയെടുക്കുന്നവരെ തിരിച്ചടവിന്റെ പേരില്‍ സമ്മര്‍ദത്തിലാക്കി ജപ്തിനടപടിയിലേക്ക് എത്തിച്ച് ആ ഭൂമി തട്ടിയെടുക്കുന്നതും അടക്കമുള്ള തട്ടിപ്പുകളും നടന്നിട്ടുണ്ട്. നേരിട്ടും അല്ലാതെയും അഞ്ചുവര്‍ഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Tags:    

Similar News