കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമെന്ന് ഉര്‍ദുഗാന്‍; രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ഇന്ത്യ

ദക്ഷിണ ഏഷ്യയുടെ സമാധാനത്തിന് കശ്മീരില്‍ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നും കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമാണ് എന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.

Update: 2020-09-23 04:55 GMT

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എതിര്‍പ്പുകളെ അവഗണിച്ച് കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ വീണ്ടും ചര്‍ച്ചയാക്കി തുര്‍ക്കി. യുഎന്‍ പൊതു സഭയില്‍ സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ കശ്മീര്‍ വീഷയം വീണ്ടും ചര്‍ച്ചയാക്കിയത്. ദക്ഷിണ ഏഷ്യയുടെ സമാധാനത്തിന് കശ്മീരില്‍ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നും കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമാണ് എന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു. യുഎന്‍ പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി ചര്‍ച്ചയിലൂടെ കശ്മീര്‍ വിഷയം പരിഹരിക്കണമെന്നാണ് തുര്‍ക്കി നിലപാട്. കശ്മീര്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാകണം സമാധാനമുണ്ടാകേണ്ടതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

നേരത്തെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ഉര്‍ദുഗാന്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍, ഇത്തവണ ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെയാണ് ഉര്‍ദുഗാന്റെ വിമര്‍ശനം.

അതേസമയം, യുഎന്‍ പൊതുസഭ (യുഎന്‍ജിഎ) സെഷനില്‍ കശ്മീരിനെതിരായ പരാമര്‍ശത്തിന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരേ കടുത്ത വിമര്‍ശനവുമായി ഇന്ത്യ മുന്നോട്ട് വന്നു. പരാമര്‍ശം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി. യുഎന്‍ജിഎയില്‍ ഉര്‍ദുഗാന്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് തിരുമൂര്‍ത്തിയുടെ പ്രതികരണം. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും അതിന്റെ നയങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കാനും ആങ്കറ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ തങ്ങള്‍ കണ്ടു. അവ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ നടത്തിയ കടുത്ത ഇടപെടലാണ്.അവ പൂര്‍ണമായും അംഗീകരിക്കാനാവില്ല. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും അതിന്റെ നയങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കാനും തുര്‍ക്കി പഠിക്കണം- തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്. ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്നത്. ആറ് ദിവസം ചര്‍ച്ച തുടരുമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് അറിയിച്ചിരുന്നു. ന്യൂയോര്‍ക്കിലെ യുഎന്‍ പൊതുസഭാ ഹാളില്‍ നേതാക്കളുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നുണ്ട്.

Tags:    

Similar News