നാര്‍കോട്ടിക് ജിഹാദ്: ബിഷപ്പിന്റെ വികൃത ചിന്തയാണ് പുറത്ത് വന്നതെന്ന് പി ചിദംബരം
ന്യൂഡല്‍ഹി: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ചിദംബരത്തിന്റെ പരാമര്‍ശം. ബിഷപ്പിന്റെ വികൃത ചിന്തയാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്ന് അദ്ദേഹം പറഞ്ഞു.
'യുവാക്കളെയും യുവതികളെയും ഭയപ്പെടുത്താന്‍ ഹിന്ദു വര്‍ഗീയവാദികള്‍ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ്. നാര്‍ക്കോട്ടിക് ജിഹാദാണ് പുതിയ രാക്ഷസന്‍. അതിന്റെ സൃഷ്ടികര്‍ത്താവ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പോലെ ഒരു ബിഷപ്പ് ആയതില്‍ എനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട്. ലവ് എന്നതും നാര്‍കോട്ടിക്‌സ് എന്നതും യാഥാര്‍ഥ്യമാണെങ്കിലും ജിഹാദ് എന്ന പദം, 'ലവി'നോടും 'നാര്‍ക്കോട്ടിക്‌സി'നോടും ചേര്‍ത്തുവെക്കുമ്പോള്‍ വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതിയാണ്'. പി ചിദംബരം ലേഖനത്തില്‍ പറയുന്നു.
സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ പരാമര്‍ശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണെന്നും ചിദംബരം പറഞ്ഞു.
ഉദ്ദേശ്യങ്ങള്‍ വ്യക്തമാണ്. ഹിന്ദുമതത്തെ അല്ലെങ്കില്‍ ക്രിസ്തുമതത്തെ ഒരു വശത്തും, ഇസ്‌ലാം മതത്തെ മറുവശത്തും നിര്‍ത്തി അവിശ്വാസത്തെയും സാമുദായിക സംഘര്‍ഷത്തെയും ഉത്തേജിപ്പിക്കാനായിരുന്നു അത്. മതഭ്രാന്തന്മാര്‍ക്ക് ഇസ് ലാം 'അപര'വും മുസ് ലിംകള്‍ 'അപരന്മാരു'മാണ്. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ വിവേചനത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതാണ് ചിദംബരം കൂട്ടിച്ചേര്‍ക്കുന്നു.
വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെട്ട രീതി സന്തോഷിപ്പിക്കുന്നതാണെന്നും ചിദംബരം ലേഖനത്തില്‍ പറയുന്നു. ബിഷപ്പിന് പിണറായി വിജയന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയതില്‍ സന്തോഷമുണ്ട്. തെറ്റായ പ്രചാരണം നടത്തുന്നവരെ വെറുതെവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്തുണച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ചിദംബരം ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.
വലതുപക്ഷ ഹിന്ദു സംഘടനകള്‍ ബിഷപ്പിനു പിന്തുണയുമായി രംഗത്ത് വന്നതില്‍ അത്ഭുതമില്ല. ഇരുകൂട്ടരും മുസ്‌ലിം എന്ന 'അപരനെ'യാണ് ലക്ഷ്യം വെക്കുന്നതെന്നും ചിദംബരം പറഞ്ഞു.
ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു.