അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനസമയം പ്രത്യേക പൂജയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം
ബെംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന സമയം പ്രത്യേക പൂജ നടത്താന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താനാണ് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ രാമലിംഗ റെഡ്ഡി നിര്‍ദ്ദേശം നല്‍കിയത്. അന്നേദിവസം ഉച്ചയ്ക്ക് 12:29 നും 1:32നും ഇടയിലാണ് വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഈ നേരത്ത് മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്താന്‍ മന്ത്രി റെഡ്ഡി എല്ലാ മൂസ്‌റേ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിര്‍ദേശം നല്‍കി. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തേ അനുമതി നല്‍കിയേക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിനോടനുബന്ധിച്ചു നടന്ന കലാപങ്ങളിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകരെ പതിറ്റാണ്ടുകള്‍ക്കു ശേഷം അറസ്റ്റ് ചെയ്ത കര്‍ണാടകയില്‍ ഒരേ സമയം തന്നെ ആഘോഷത്തിനും കളമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതേസമയം, രാമക്ഷേത്രത്തില്‍ പോവുന്നതില്‍ എന്താണ് തെറ്റെന്നും നമ്മളെല്ലാം ഹിന്ദുക്കളാണെന്നും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം ഇപ്പോഴും തുടരുകയാണ്.