രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടി: കോണ്‍ഗ്രസ് പ്രതിഷേധം നാളെ ജന്തര്‍മന്ദറില്‍

Update: 2022-06-19 17:56 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ നാളെ പ്രതിഷേധം ജന്തര്‍മന്ദറില്‍. രാവിലെ 10 മണി മുതലാണ് പ്രതിഷേധം. എഐസിസിയില്‍ നിന്നുള്ള പ്രതിഷേധം പോലിസ് തടയുന്നതിനാലാണ് വേദി ജന്തര്‍മന്ദറിലേക്ക് മാറ്റിയത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നാളെ രാവിലെ പതിനൊന്ന് മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് രാഹുല്‍ ഗാന്ധിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മൂന്ന് തവണ ചോദ്യം ചെയ്‌തെങ്കിലും രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

രാഹുലിനെതിരായ ഇഡി നടപടി, അഗ്‌നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് നാളെ വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും. 2012 ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇ ഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നണ് കേസിന് ആസ്പദമായ പരാതി.

Tags:    

Similar News