രാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു, സംഘര്‍ഷാവസ്ഥ
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് അല്‍പ്പനേരം ഉന്തുംതള്ളുമുണ്ടായി. മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, വി കെ ഷിബിന, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റോബര്‍ട്ട് വെള്ളാംവെള്ളി, റിജിന്‍ രാജ്, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി, പ്രിനില്‍ മതുക്കോത്ത്, നിധിന്‍ കോമത്ത്, രോഹിത്ത് കണ്ണന്‍ നേതൃത്വം നല്‍കി. മധ്യപ്രദേശില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ തടഞ്ഞു. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്‌റ്റേഷനിലാണ് ദക്ഷിണ്‍ എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞത്. പ്രവര്‍ത്തകര്‍ റെയില്‍പാളത്തിലും ട്രെയിനിന് മുകളിലുമായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര നിയമസഭയില്‍നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ തീരുമാനത്തെ അപലപിക്കുന്നുവെന്നും അതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാനാ പടോലെ പറഞ്ഞു. എന്‍സിപിയില്‍നിന്നും ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം) എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരും പ്രതിഷേധവുമായെത്തി. ബിഹാറില്‍ ഭരണകക്ഷിസഖ്യത്തിലെ ജെഡിയു ഒഴികെയുള്ള പാര്‍ട്ടികള്‍ നിയമസഭാ പരിസരത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി. ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ(എംഎല്‍) ലിബറേഷന്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഗുജറാത്തിലെ 19 ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്തെ 33 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി പാര്‍ട്ടി വക്താവ് ഹിരേന്‍ ബങ്കര്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനിടയിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് സൂറത്ത് കോടതി വ്യാഴാഴ്ച രാഹുലിന് രണ്ടുവര്‍ഷത്തെ തടവ് വിധിച്ചത്. ഇതിന് പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയത്. നടപടിക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.