ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാത്തി'നു ബദലായി 'ദേശ് കീ ബാത്ത്' പരിപാടിയുമായി കോണ്‍ഗ്രസ്. രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിശദമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ അവതരിപ്പിക്കുന്ന രീതിയാണ് അവലംബിക്കുക. ഇത് യൂ ട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണു ലക്ഷ്യമിടുന്നത്. ദേശ് കി ബാത്തിന്റെ ഒന്നാമത്തെ എപ്പിസോഡ് ശനിയാഴ്ച കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര അവതരിപ്പിക്കുമെന്നാണ് വിവരം. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം എന്‍ഡിഎ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന വിധത്തിലായിരിക്കും പരിപാടിയെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ തലവന്‍ രോഹന്‍ ഗുപ്തയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ആകാശവാണിയിലൂടെയുള്ള 'മന്‍ കീ ബാത്തി'ന് മറുപടിയെന്നോണം നേരത്തേ 'കാം കീ ബാത്ത്' എന്ന പരിപാടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു.