തിരുവനന്തപുരം: ഫലസ്തീന്‍ ഐക്യദാര്‍ഢ്യം സംബന്ധിച്ച വിവാദങ്ങള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കുമിടെ റാലി പ്രഖ്യാപിച്ച് കോണ്‍ഗ്രസും. നവംബര്‍ 25ന് കോഴിക്കോട്ട് ഐക്യദാര്‍ഢ്യ റാലി നടത്താനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. നേരത്തേ, മലപ്പുറത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിനു പിന്നാലെ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള ആര്യാടന്‍ ഫൗണ്ടേഷനും റാലിയുമായെത്തിയിരുന്നു. ഗ്രൂപ്പുപോരിന്റെ ഭാഗമാണെന്നു പറഞ്ഞ് കെപിസിസി വിലക്കിയിട്ടും നൂറുകണക്കിന് ആളുകളാണ് കനത്ത മഴയിലും പങ്കെടുത്തത്. ഇതിനിടെ, ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്ന് സിപിഎം ഉള്‍പ്പെടെയുള്ളവര്‍ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. മുസ് ലിം ലീഗിനും സിപിഎമ്മിനും ഐക്യദാര്‍ഢ്യ റാലികള്‍ സംഘടിപ്പിച്ചപ്പോഴും കോണ്‍ഗ്രസ് നടത്താത്തതാണ് ആരോപണത്തിനിടയാക്കിയത്. മാത്രമല്ല, ലീഗ് നടത്തിയ സംഗമത്തില്‍ ശശി തരൂര്‍ എംപി ഹമാസിനെ ഭീകരവാദികളെന്ന് അധിക്ഷേപിച്ചതും വലിയ ചര്‍ച്ചയായിരുന്നു. ഫലസ്തീനെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ തീരുമാനിച്ചത്. സിപിഎം റാലിക്ക് മറുപടിയെന്നോണമാണ് കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നത്. മാത്രമല്ല, സിപിഎം റാലിയിലേക്ക് മുസ് ലിം ലീഗിനെ ക്ഷണിച്ചതും കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു. സിപിഎം ക്ഷണം ലീഗ് തളളിയെങ്കിലും സെമിനാറിലേക്ക് സമസ്ത ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.