അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കിയതെന്നും അദ്ദേഹം ഹരജിയില്‍ വാദിക്കുന്നു.

Update: 2022-02-18 02:17 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കിയതെന്നും അദ്ദേഹം ഹരജിയില്‍ വാദിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരേ വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തനിക്കെതിരായ ഗൂഢാലോചന നടന്നതെന്നും ദിലീപ് ഹരജിയില്‍

ആരോപിക്കുന്നു. പോലിസുകാര്‍ വാദികളായ കേസില്‍ അന്വേഷണം നീതിയുക്തമായി നടക്കില്ല. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട് . ജസ്റ്റീസ് ഹരിപാലിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ, കേസില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. മറ്റു പ്രതികളായ അനൂപിനും സൂരജിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News