വ്യക്തിപരമായ താല്‍പര്യത്തിനു വേണ്ടി ഉപജാപം നടത്തി; വിഷയവിദഗ്ധര്‍ക്കെതിരേ എം ബി രാജേഷ്
പാലക്കാട്: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ തന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം വിവാദമായതോടെ മറുപടിയുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എം ബി രാജേഷ് രംഗത്ത്. ഒരാളുടെ വ്യക്തിപരമായ താല്‍പര്യത്തിനു വേണ്ടി വിഷയവിദഗ്ധരായ മൂന്നുപേരും ഉപജാപം നടത്തിയെന്നും അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുകയാണെന്നും എം ബി രാജേഷ് പറഞ്ഞു.
ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നു പേരില്‍ ഒരാളുടെ താല്‍പര്യത്തിനനുസരിച്ച് മറ്റൊരാള്‍ക്ക് നിയമനം നല്‍കാനാണ് ശ്രമം നടത്തിയത്. നിയമനം നല്‍കാന്‍ ശ്രമിക്കുന്നയാളുടെ ഒപ്പം ജോലി ചെയ്യുന്നയാള്‍ക്ക് ജോലി നല്‍കാനാണ് ശ്രമം നടന്നത്. വിഷയവിദഗ്ധരായ മൂന്നു പേര്‍ക്കും ഇയാളുമായി ബന്ധമുണ്ട്. ഇന്റര്‍വ്യൂവില്‍ കൂടിയാലോചിച്ച് ഒരാള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചെന്നാണ് ഇവര്‍ തന്നെ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. അതുതന്നെ ക്രമവിരുദ്ധമാണ്. 80 അപേക്ഷകരില്‍നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തിരഞ്ഞെടുക്കപ്പട്ടയാളാണ് നിനിത. യോഗ്യത സംബന്ധിച്ച് സര്‍വകലാശാല വിശദീകരണം നല്‍കിയതായും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ മൂന്ന് തലത്തിലുള്ള ഉപജാപമാണ് നടന്നത്. നിനിതയെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാനും ശ്രമമുണ്ടായി. ആദ്യം നിനിതയുടെ പിഎച്ച്ഡി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ചു. അത് തെറ്റാണെന്ന് വ്യക്തമായതോടെ പിഎച്ച്ഡിക്കെതിരേ കേസുണ്ടെന്ന് പ്രചരിപ്പിച്ചു. അതും തെറ്റാണെന്ന് തെളിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂവിലും ഇത്തരം ശ്രമമുണ്ടായതായാണ് ഇപ്പോള്‍ മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും വിജയിക്കാതിരുന്നപ്പോള്‍ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് മൂന്നാമതൊരാള്‍ മുഖേന ഉദ്യോഗാര്‍ഥിക്ക് എത്തിച്ചു നല്‍കി. പിന്‍മാറാന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്നു പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേന്ന് തന്നെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു. ജോലിക്ക് ജോയിന്‍ ചെയ്താല്‍ കത്ത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് മൂന്നാം തിയ്യതി ജോയിന്‍ ചെയ്തശേഷം ഇവര്‍ പരസ്യ പ്രതികരണം നടത്തുകയും കത്ത് പുറത്തുവിടുകയും ചെയ്തു. പിന്‍മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു ലക്ഷ്യം. സമ്മര്‍ദ്ദവും ഭീഷണിയും വന്നപ്പോള്‍ അതിന് വഴങ്ങില്ലെന്നു തീരുമാനിച്ചതിനാലാണ് ജോയിന്‍ ചെയ്യാന്‍ തീരുമനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കാലടി സര്‍വകലാശാലയിലെ മലയാളം വകുപ്പില്‍ അസി. പ്രഫസര്‍ മുസ് ലിം സംവരണ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ എം ബി രാജേഷിന്റെ ഭാര്യ നിനതയുടെ നിയമനത്തില്‍ തിരിമറി നടന്നുെന്നാണ് ആരോപണം. തങ്ങള്‍ നല്‍കിയ പട്ടിക അട്ടിമറിച്ചെന്നും മതിയായ യോഗ്യതയില്ലാത്തയാള്‍ക്ക് നിയമനം നല്‍കിയെന്നും കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ഭാഷാ വിദഗ്ധരായ ഡോ. ടി പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ. കെ എം ഭരതന്‍ എന്നിവര്‍ വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. വിഷയം പുറത്തായതോടെ രാഷ്ട്രീയവിവാദമാവുകയും പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Conspired for personal gain; MB Rajesh against subject matter experts