തെറ്റായ അവകാശവാദം; സെൻസോഡൈന്റെ പരസ്യങ്ങൾക്ക് വിലക്കും പത്ത് ലക്ഷം രൂപ പിഴയും

സെൻസോഡൈൻ ടൂത്ത്പേസ്റ്റുകളായ സെൻസോഡൈൻ റാപ്പിഡ് റിലീഫ്, സെൻസോജൈൻ ഫ്രെഷ് ജെൽ എന്നിവയുടെ പരസ്യങ്ങൾക്കെതിരെയാണ് കൺസ്യൂമർ അതോറിറ്റി നടപടി എടുത്തിരിക്കുന്നത്.

Update: 2022-03-22 13:55 GMT

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടൂത്ത്പേസ്റ്റ് ബ്രാൻഡായ സെൻസോഡൈന്റെ പരസ്യങ്ങൾക്ക് വിലക്കും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. ലോകത്താകമാനമുള്ള ഡെന്റിസ്റ്റുകളും ശുപാർശ ചെയ്യുന്ന ചെയ്യുന്ന ടൂത്തപേസ്റ്റ് എന്ന അവകാശവാദവും ലോകത്തിലെ നമ്പർ വൺ സെൻസിറ്റിവിറ്റി ടൂത്ത്പേസ്റ്റ് എന്ന അവകാശവാദവുമാണ് കമ്പനിക്ക് തിരിച്ചടിയായത്. ഈ അവകാശവാദങ്ങൾ ഉൾപ്പെടുത്തിയ പരസ്യങ്ങൾ ഏഴു ദിവസത്തിനുള്ളിൽ പിൻവലിക്കണമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ടിവി, യൂട്യൂബ്, ട്വിറ്റർ എന്നിവയിലെ സെൻസോഡൈൻ പരസ്യങ്ങൾക്കെതിരേ കൺസ്യൂമർ അതോറിറ്റി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. പരസ്യ ചിത്രത്തിൽ ഇന്ത്യക്ക് പുറത്തുള്ള ഡെന്റിസ്റ്റുകളെയാണ് കാണിച്ചിരിക്കുന്നത്. എന്നാൽ സെൻസോഡൈനിന്റെ ആവകാശവാദത്തെ പിന്തുണച്ചു കൊണ്ട് സമർപ്പിച്ച സർവേ ഇന്ത്യയ്ക്കുള്ളിൽ മാത്രമാണ് നടത്തിയതെന്ന് കൺസ്യൂമർ അതോറിറ്റി കണ്ടെത്തി. സെൻസോഡൈൻ ടൂത്ത്പേസ്റ്റുകളായ സെൻസോഡൈൻ റാപ്പിഡ് റിലീഫ്, സെൻസോജൈൻ ഫ്രെഷ് ജെൽ എന്നിവയുടെ പരസ്യങ്ങൾക്കെതിരെയാണ് കൺസ്യൂമർ അതോറിറ്റി നടപടി എടുത്തിരിക്കുന്നത്.

പരസ്യത്തിൽ പറയുന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന സർവ്വേയോ പഠന റിപോർട്ടുകളോ സമർപ്പിക്കാൻ കമ്പനിക്ക് സാധിച്ചില്ലെന്നും അതിനാലാണ് നടപടിയെടുക്കുന്നതെന്ന് കൺസ്യൂമർ അതോറിറ്റിയുടെ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. 

Similar News