കോപ്പയില്‍ ബ്രസീല്‍-അര്‍ജന്റീന സെമി; മെസ്സിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമോ?
ഇത്തവണത്തെ കോപ്പാ കിരീടം തന്റെ സ്വപ്‌നമാണെന്നാണ് മെസ്സി പറഞ്ഞത്. തുടര്‍ന്ന് ഇനിയൊരു കോപ്പാ ടൂര്‍ണ്ണമെന്റിനോ ഖത്തര്‍ ലോകകപ്പിനോ താന്‍ കളിക്കുമെന്ന കാര്യം പറയാന്‍ കഴിയില്ലെന്നാണ് മെസ്സി അഭിപ്രായപ്പെടുന്നത്.
സാവോ പോളോ: കോപ്പയില്‍ കിരീടമെന്ന ലയണല്‍ മെസ്സിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള അവസരമാണ് അര്‍ജന്റീനയക്ക് ഇത്തവണ വന്നിരിക്കുന്നത്. സെമിയില്‍ ചിരവൈരികളായ ബ്രസീല്‍ എതിരാളികളായി വരുമ്പോള്‍ പകരംവീട്ടലിന് പുറമെ തന്നെ പഴിചാരുന്നവര്‍ക്ക് മുന്നില്‍ കോപ്പാ കിരീടം നേടണമെന്നാണ് ഫുട്‌ബോള്‍ മിശിഹായുടെ ആഗ്രഹം. 2007ലെ കോപ്പാ ഫൈനലില്‍ ബ്രസീലിനോട് തോറ്റത് അര്‍ജന്റീനയ്ക്ക് താങ്ങാവുന്നതിലുമപ്പറുമായിരുന്നു. എന്നാല്‍ 2008ല്‍ ബെയ്ജിങ് ഒളിംപിക്‌സിലെ സെമിയില്‍ അര്‍ജന്റീന ബ്രസീലിനോട് പകരം വീട്ടി കിരീടവും നേടി. എന്നാല്‍ അര്‍ജന്റീന എന്ന ടീമിന് ബ്രസീലിനോട് 2007ല്‍ കൈവിട്ട കോപ്പാ കിരീടം നേടണം. മെസ്സിക്കാവട്ടെ തന്റെ പൊന്‍തൂവലില്‍ ഒരു കോപ്പാ കിരീടമെന്ന സ്വപ്‌നവും ഒരുമിച്ച് പൂവണിയാനുള്ള അവസരവുമാണ് ഇത്തവണ വന്നിരിക്കുന്നത്. കഴിഞ്ഞ തവണ ഇരുടീമും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ നിന്ന് പുറത്തായ അര്‍ജന്റീനന്‍ ടീം ഏറെ വിമര്‍ശനങ്ങള്‍ പാത്രമായിരുന്നു. ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് ക്യാപ്റ്റന്‍ കൂടിയായ ലയണല്‍ മെസ്സിയായിരുന്നു. തുടര്‍ന്നാണ് താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. പിന്നീട് ഏകദേശം ഒരു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആരാധകരുടെയും ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മെസ്സി ടീമിനൊപ്പം തിരിച്ചുവന്നത്. തുടര്‍ന്ന് ടീമിനായി കളിച്ചത് ഒരു മല്‍സരമാണ്. ഇതും ഏറെ വിമര്‍ശനങ്ങള്‍ വഴിതെളിയിച്ചിരുന്നു. ബാഴ്‌സലോണയില്‍ കളിക്കേണ്ടിയിരുന്നതിനാല്‍ താരം ടീമിനായുള്ള ഒരു മല്‍സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. രാജ്യത്തിനായി കളിക്കാതെ ക്ലബ്ബിന് പ്രധാന്യം നല്‍കുന്ന മെസ്സിയുടെ തീരുമാനത്തിനെതിരേ മറഡോണയടക്കമുള്ള താരങ്ങള്‍ രംഗത്ത് വന്നിരുന്നു. മല്‍സരം നടന്ന വെനസ്വേല അര്‍ജന്റീനയോട് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെസ്സിക്ക് പരിക്കുള്ളതിനാലാണ് താരം പിന്‍മാറിയതെന്നും അര്‍ജന്റീന അറിയിച്ചിരുന്നു. അര്‍ജന്റീന തോല്‍ക്കുമ്പോള്‍ എന്നും വിമര്‍ശനങ്ങള്‍ മെസ്സിയെന്ന ഒറ്റയാനിലേക്കാണ് വിരല്‍ ചൂണ്ടാറ്. ഇതിന് കാരണവും മെസ്സിയെ മാത്രം ആശ്രയിച്ച് നില്‍ക്കുന്ന ടീമാണ്.
എന്നാല്‍ തന്റെ ഒറ്റയാള്‍ പോരാട്ടം ടീമിന് വിജയം നല്‍കുന്നില്ല എന്ന ദുഖവും മെസ്സിക്കുണ്ട്. മറ്റ് താരങ്ങള്‍ സന്ദര്‍ഭത്തിനൊത്ത് മികവ് കാണിക്കാത്തതും അര്‍ജന്റീനയ്ക്ക് തിരിച്ചടിയാണ്.
ഇത്തവണത്തെ കോപ്പാ കിരീടം തന്റെ സ്വപ്‌നമാണെന്നാണ് മെസ്സി പറഞ്ഞത്. തുടര്‍ന്ന് ഇനിയൊരു കോപ്പാ ടൂര്‍ണ്ണമെന്റിനോ ഖത്തര്‍ ലോകകപ്പിനോ താന്‍ കളിക്കുമെന്ന കാര്യം പറയാന്‍ കഴിയില്ലെന്നാണ് മെസ്സി അഭിപ്രായപ്പെടുന്നത്.തന്റെ പ്രായം പോരാട്ടവീര്യം തളര്‍ത്തിയില്ലെങ്കില്‍ ഖത്തര്‍ ലോകകപ്പിനുണ്ടാവുമെന്നാണ് മെസ്സി വ്യക്തമാക്കിയത്. ഇത്തവണത്ത തപ്പിയും തടഞ്ഞമാണ് ടീം ക്വാര്‍ട്ടര്‍ വരെയെത്തിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ തനത് പോരാട്ടം ടീം പുറത്തെടുത്തു.
ബ്രസീലാവട്ടെ തകര്‍പ്പന്‍ ഫോമിലും. കോപ്പയില്‍ റെക്കോഡ് അര്‍ജന്റീനയ്ക്കാണെങ്കിലും നിലവിലെ ഫോം ബ്രസീലിന് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ മെസ്സി മാജിക്ക് സെമിയില്‍ പ്രതൃക്ഷപ്പെട്ടാല്‍ കാനറികള്‍ക്ക് പിന്നോട്ട് പറക്കേണ്ടി വരും. മെസ്സിക്കൊപ്പം ബാഴ്‌സയില്‍ കളിക്കുന്ന ബ്രസീല്‍ താരങ്ങള്‍ തന്നെ പറയുന്നു മെസ്സിയെ ഭയക്കണമെന്ന്. എന്നാല്‍ ബ്രസീല്‍ ടീമിലെ എല്ലാം താരങ്ങളും ഒന്നിനൊന്ന് മെച്ചമാണെന്നത് വാമോസിന് തലവേദന സൃഷ്ടിക്കുന്നു. കാനറികള്‍ ഭാഗ്യടീമാണ്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒന്നിനൊന്ന് മെച്ചമായ ടീം. കോപ്പയിലെ ഗ്രൂപ്പ് സ്‌റ്റേജിലും മികച്ച പോരാട്ടം. മെസ്സിയെന്ന ഒറ്റയാനിലൂടെ അര്‍ജന്റീനയോ ടീം മുന്നേറ്റത്തിലൂടെ കാനറികളോ സെമിയില്‍ ജയിക്കുകയെന്ന് കാത്തിരുന്നു കാണാം. ഫുട്‌ബോള്‍ ലോകം ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്വപ്‌ന പോരാട്ടം ബുധനാഴ്ച രാവിലെ ആറുമണിക്കാണ് നടക്കുക.