കൊറോണ: മുംബൈ ഭാട്യ ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ ആശങ്കയില്‍; കെ സുധാകരന്‍ എംപി ഇടപെട്ടു, മഹാരാഷ്ട്ര സര്‍ക്കാരുമായി ബന്ധപ്പെട്ടു
ഇതുമായി ബന്ധപ്പെട്ട് തേജസ് ന്യൂസ് പുറത്തുവിട്ട വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് എംപി വിഷയത്തില്‍ ഇടപെടുകയും നഴ്‌സുമാരുടെ ആശങ്ക പരിഹരിക്കുന്നതിന് സത്വര നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിനെ സമീപിക്കുകയും ചെയ്തത്.
കോഴിക്കോട്: മുംബൈയിലെ ബാട്യ ആശുപത്രിയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത് മൂലം ആശങ്കയിലായ മലയാളി നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെട്ട് കെ സുധാകരന്‍ എംപി.ഇതുമായി ബന്ധപ്പെട്ട് തേജസ് ന്യൂസ് പുറത്തുവിട്ട വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് എംപി വിഷയത്തില്‍ ഇടപെടുകയും നഴ്‌സുമാരുടെ ആശങ്ക പരിഹരിക്കുന്നതിന് സത്വര നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിനെ സമീപിക്കുകയും ചെയ്തത്.
ബാട്യ ഹോസ്പിറ്റലില്‍ കഴിഞ്ഞദിവസം മൂന്ന് രോഗികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഈ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 14 ആശുപത്രി ജീവനക്കാരിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ നാലു പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.രോഗം സ്ഥിരീകരിച്ച രോഗികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസം വരെ നോണ്‍ കൊറോണ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഈ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് പരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരും ഒരു വിധ വ്യക്തിഗത സംരക്ഷണ ഉപകരണണങ്ങളും ധരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ആശുപത്രിയിലെ 14 അംഗങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവില്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ആശുപത്രിയിലുള്ള 30 നഴ്‌സുമാരെയും ചികിത്സയിലായിരിക്കുന്ന രോഗികളെയും അകത്ത് തന്നെ നിലനിര്‍ത്തി ആശുപത്രിയുടെ പ്രധാനകവാടം അടച്ച് സീല്‍വച്ചിരുന്നു. ഈ ആശുപത്രിയില്‍ ഉള്ള 30 നേഴ്‌സുമാരെയും ചികിത്സയിലുള്ള രോഗികളെയും അകത്ത് തന്നെ നിലനിര്‍ത്തിക്കൊണ്ട് ഐപി സൗകര്യം റദ്ദാക്കുകയും ചെയ്തു. നിലവില്‍ ആശുപത്രിയില്‍ ഉളള നേഴ്‌സുമാര്‍ക്കോ മറ്റ് രോഗികള്‍ക്കോ യാതൊരുവിധ ക്വാറന്റൈന്‍ കെയറും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നില്ല.
അതുപോലെതന്നെ നിലവില്‍ 50ഓളം ഓഫ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍ സമീപപ്രദേശങ്ങളിലെ ഹോസ്റ്റലുകളില്‍ താമസിച്ച് വരികയാണ്. ഇവര്‍ക്കും സമീപവാസികളില്‍ നിന്നുള്ള ബുദ്ധിമുട്ടുകളും നേരിട്ട് വരികയാണ്.
ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരമുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കണമെന്നും കൊറോണ ബാധ സ്ഥിരീകരിച്ചവര്‍ക്ക് രോഗം സുഖപ്പെടുന്നത് വരെ എറ്റവും മികച്ച ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കെ സുധാകരന്‍ എംപി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയുടെ ഓഫിസുമായും സംസ്ഥാന ചീഫ് സെക്രട്ടറിയുമായും ഫോണില്‍ ബന്ധപ്പെട്ട് സംസാരിക്കുകയും കത്തയക്കുകയും ചെയ്തു.