കല്‍പറ്റ: മെയ് 29ന് ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലെത്തി സാംപിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 9 മുതല്‍ ചികിത്സയിലായിരുന്ന കല്‍പ്പറ്റ റാട്ടകൊല്ലി സ്വദേശി 30കാരനെ രോഗം ഭേദമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 22 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലുണ്ട്. 192 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇന്നലെ നിരീക്ഷണത്തിലായ 251 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3451 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
ജില്ലയില്‍ നിന്നു ഇതുവരെ പരിശോധനയ്ക്ക് അയച്ച 2763 ആളുകളുടെ സാംപിളുകളില്‍ 2415 ആളുകളുടെ ഫലം ലഭിച്ചതില്‍ 2367 നെഗറ്റീവും 48 ആളുകളുടെ സാംപിള്‍ പോസിറ്റീവുമാണ്. 294 സാംപിളുകളുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. ഇതുകൂടാതെ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നു ആകെ 4031 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3351ല്‍ 3330 നെഗറ്റീവും 21 പോസിറ്റീവുമാണ്.
ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു തിരികെയെത്തി ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2800 ആളുകളെ നേരിട്ടുവിളിച്ച് അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.