കൊറോണ: ഓരോ കുടുംബത്തിനും 3000 രൂപ വീതം നല്‍കണം; എസ് ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Update: 2020-03-26 17:31 GMT

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു. നിലവിലുള്ള സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ക്ക് പുറമെ ഓരോ കുടുംബത്തിനും 3000 രൂപ വീതം ബാങ്ക് അക്കൗണ്ട് വഴി നല്‍കുക, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആാവശ്യമായ മരുന്നുകള്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യുക, വെള്ളം, വൈദ്യുതി എന്നിവ മെയ് 30 വരെ സൗജന്യമാക്കുക, ബാങ്കുകള്‍ക്ക് പുറമെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പാ തിരിച്ചടവുകള്‍ക്ക് ആറ് മാസത്തെ മോറട്ടോറിയം നിര്‍ബന്ധമാക്കുക, റേഷന്‍ കാര്‍ഡില്ലാത്ത ദരിദ്ര കുടുബങ്ങളെയും വാര്‍ഡ് മെംബറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കിയത്. സാമൂഹികക്ഷേമ പെന്‍ഷനുകള്‍ മാര്‍ച്ച് 27 മുതല്‍ വിതരണം ആരംഭിക്കുന്നത് ആശ്വാസകരമാണ്. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുക മാത്രം നല്‍കുന്നത് ഈ സന്ദര്‍ഭത്തില്‍ തീരെ അപര്യാപ്തമാണ്. രണ്ട് മാസത്തെ തുക കൂടി ഏപ്രില്‍ ആദ്യ വാരത്തോടെ വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളെയും 15 കിലോ അരിയോടൊപ്പം പലവ്യഞ്ജന കിറ്റ് കൂടി നല്‍കുവാനുള്ള തീരുമാനത്തെയും മജീദ് ഫൈസി അഭിനന്ദിച്ചു.




Tags:    

Similar News