മാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നു: റിയാദ് ഇന്ത്യൻ മീഡിയ ഫോറം
പുതിയ കാലത്ത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ മറച്ചുവെക്കാൻ ചില മാധ്യമങ്ങൾ ബോധപൂർവമായ ശ്രമം നടത്തുന്നതായും ചർച്ചാ സംഗമം ചൂണ്ടിക്കാട്ടി.
റിയാദ്: മാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നതായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് മാധ്യമങ്ങൾ. പുതിയ കാലത്ത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ മറച്ചുവെക്കാൻ ചില മാധ്യമങ്ങൾ ബോധപൂർവമായ ശ്രമം നടത്തുന്നതായും ചർച്ചാ സംഗമം ചൂണ്ടിക്കാട്ടി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ചാ സംഗമം സംഘടിപ്പിച്ചത്. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചാ സംഗമം ഒഐസിസി നേതാവ് മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷനായിരുന്നു.
മൂന്ന് വിഷയങ്ങളിലായിരുന്നു ചർച്ചകൾ നടന്നത്. സ്വാതന്ത്യത്തിന്റെ 75 വർഷങ്ങൾ എന്ന ഒന്നാമത്തെ ചർച്ചാ വിഷയത്തിൽ പ്രവാസി സാംസ്കാരിക വേദി നേതാവ് അജ്മൽ ഹുസൈൻ വിഷയാവതരണം നടത്തി. എഴുപത്തിയഞ്ച് വർഷങ്ങൾക്കൊടുവിൽ രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യത്തിന് ഗുരുരമായി പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചിഹ്നങ്ങൾ പോലും ഭരണകൂടം സ്വന്തം താൽപര്യങ്ങൾക്കായി മാറ്റുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മലയാള മാധ്യമങ്ങളുടെ പങ്ക് എന്ന രണ്ടാമത്തെ വിഷയത്തിൽ മാധ്യമ പ്രവർത്തകൻ വിജെ നസ്റുദ്ദീൻ വിഷയാവതരണം നടത്തി. ചെറുതും വലുതുമായ മാധ്യമങ്ങളും പത്രികകളും അക്കാലത്ത് അതിജീവിക്കാൻ ശ്രമിച്ചതിന്റെ ചരിത്രം അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കാലത്തും മാധ്യമങ്ങൾ സമാനമായ പ്രതിസന്ധി അനുഭവിക്കുന്നതായി ഭരണഘടനാ സംരക്ഷണത്തിന്റെ പ്രസക്തി എന്ന മൂന്നാം വിഷയത്തിലെ അവതരണത്തിലൂടെ സാംസ്കാരിക പ്രവർത്തകൻ മൂസാ കൊമ്പൻ പറഞ്ഞു. ഭരണഘടനയുടെ ചട്ടങ്ങൾ ഓരോന്നോരോന്നായി ലംഘിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദത പാലിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളും അസത്യങ്ങളും അർധ സത്യങ്ങളും അജണ്ടകളുടെ ഭാഗമായി പ്രചരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയാ കാലത്ത് തൽസമയം ഇത്തരം അജണ്ടകൾ വെളിച്ചത്ത് കൊണ്ടു വരാനാകുന്നതായും അദ്ദേഹം വിശദീകരിച്ചു.
കെഎംസിസി പ്രതിനിധി യു പി മുസ്തഫ, ഒഐസിസി പ്രതിനിധി സലീം കളക്കര, കേളി സാംസ്കാരിക വേദി നേതാവ് ടി ആർ സുബ്രഹ്മണ്യൻ, നവോദയ സാംസ്കാരിക വേദി നേതാവ് സുധീർ കുമ്മിൾ, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ തുടർ ചർച്ചയിൽ ഭാഗമായി. മാധ്യമ പ്രവർത്തകർക്ക് പകരം മാധ്യമ സ്ഥാപനങ്ങളുടെ നിലപാടുകളെയാണ് ചോദ്യം ചെയ്യേണ്ടതെന്ന് ചർച്ചാ സംഗമം ഉപസംഗ്രഹിച്ചു കൊണ്ട് റിംഫ് രക്ഷാധികാരിയും മാധ്യമ പ്രവർത്തകനുമായ നജീം കൊച്ചുകലുങ്ക് പറഞ്ഞു. മാധ്യമ പ്രവർത്തകർ സ്ഥാപനങ്ങളുടെ നിലപാടുകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ജോലിക്കാർ മാത്രമായി മാറുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തനവും പുനർവിചാരണക്ക് വിധേയമാകണമെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ചർച്ചാ സംഗമം.
റിംഫ് ഇവന്റ് കോഡിനേറ്റർ ഷഫീഖ് കിനാലൂർ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അഫ്താബു റഹ്മാൻ സ്വാഗതവും ട്രഷറർ ജലീൽ ആലപ്പുഴ നന്ദിയും പറഞ്ഞു. ഷിബു ഉസ്മാൻ, നാദിർഷാ, മുജിബ് താഴത്തെതിൽ, കബീർ പാവുമ്പ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവർ പരിപാടിയിൽ പങ്കെടുത്തു.