കിളിമാനൂര്‍ പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്കുള്ള പദ്ധതികളില്‍ അഴിമതിയെന്ന് ആരോപണം
നികുതി അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് കിളിമാനൂര്‍ പഞ്ചായത്ത് അധികൃതര്‍ ശാരദക്ക് നോട്ടിസ് അയക്കുകയായിരുന്നു. 2015 മുതലുള്ള നികുതി കുടിശ്ശികയായി 2192 രൂപ അടക്കണമെന്നും ഇല്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടിസ്.
തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന കിളിമാനൂര്‍ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ വന്‍ അഴിമതി നടക്കുന്നതായി ആരോപണം. തോപ്പില്‍ കോളനിയില്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം വീട് നിര്‍മിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
തോപ്പില്‍ കോളനിയിലെ ശാരദാ മന്ദിരത്തിലെ എസ് ശാരദക്കാണ് കിളിമാനൂര്‍ പഞ്ചായത്ത് അധികൃതര്‍ രേഖകള്‍ നിഷേധിച്ചത്. 2013-14 കാലഘട്ടത്തിലാണ് ഭവന നിര്‍മാണ പദ്ധതി പ്രകാരം ശാരദ വീട് നിര്‍മാണം ആരംഭിച്ചത്. 2015ല്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍, നികുതി അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് കിളിമാനൂര്‍ പഞ്ചായത്ത് അധികൃതര്‍ ശാരദക്ക് നോട്ടിസ് അയക്കുകയായിരുന്നു. 2015 മുതലുള്ള നികുതി കുടിശ്ശികയായി 2192 രൂപ അടക്കണമെന്നും ഇല്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടിസ്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ പഞ്ചായത്തില്‍ എത്തിയപ്പോഴാണ് പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ബോധ്യപ്പെട്ടതെന്ന് എകെആര്‍ ക്വാറി വിരുദ്ധ ജനകീയ മുന്നണി കണ്‍വീനറും പൊതു പ്രവര്‍ത്തകനുമായ സേതു ആരോപിച്ചു.
വീടിന്റെ അറ്റകുറ്റപ്പണിക്കായി അപേക്ഷ നല്‍കിയപ്പോള്‍ ഇങ്ങനെ ഒരു വീട് പഞ്ചായത്ത് രേഖയില്‍ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാല്‍, വീട്ടുനികുതി അടച്ചില്ലെന്ന് കാണിച്ച് നോട്ടിസ് നല്‍കിയത് ചൂണ്ടിക്കാണിച്ചോപ്പോള്‍ അത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ഇതോടെ പൊതു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ പരിശോധന നടത്തിയതോടെ അഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വീട് പഞ്ചായത്ത് രേഖയില്‍ ആറാം വാര്‍ഡിലാണെന്ന് കണ്ടെത്തി. ഇവരുടെ റേഷന്‍ കാര്‍ഡില്‍ നാലാം വാര്‍ഡ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, ശാരദയുടെ വീട്ടില്‍ ബയോ ഗ്യാസ് പ്ലാന്റും അനുബന്ധ സാമഗ്രികളും ഉള്ളതായും പഞ്ചായത്ത് രേഖയിലുള്ളതായി സേതു പറഞ്ഞു. ഒരു പശു പോലും ഇല്ലാത്ത ശാരദയുടെ വീട്ടില്‍ എന്തിനാണ് ബയോഗ്യാസ് പ്ലാന്റ് എന്ന് ഇവര്‍ ചോദിക്കുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ വന്‍ അഴിമതി നടക്കുന്നതിന്റെ തെളിവാണ് ഇതെന്നും കോളനി നിവാസികള്‍ക്ക് ലഭിക്കാത്ത പദ്ധതിയുടെ പേരില്‍ പണം തട്ടിയതായി വ്യക്തമാകുന്നതായും സേതു ചൂണ്ടിക്കാട്ടി.