കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു: ബിജെപി നേതൃത്വത്തിന് ഞെട്ടല്‍
പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ എസ് വിജയകുമാരിയുടെ രാജി നേതൃത്വം അറിഞ്ഞത് തന്നെ മാധ്യമങ്ങള്‍ വഴി. രാജി വച്ച വിജയകുമാരിയും നിരവധി പ്രാദേശിക നേതാക്കളും സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു.
തിരുവവനന്തപുരം: തലസ്ഥാനത്ത് സ്വന്തം കൗണ്‍സിലര്‍ അപ്രതീക്ഷിതമായി പാര്‍ട്ടി വിട്ടത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു. പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയുടെ രാജി നേതൃത്വം അറിഞ്ഞത് തന്നെ മാധ്യമങ്ങള്‍ വഴി. രാജി വച്ച വിജയകുമാരിയും നിരവധി പ്രാദേശിക നേതാക്കളും സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. ബിജെപി നയങ്ങളോടും നേതാക്കളുടെ നടപടികളിലും പ്രതിഷേധിച്ച് നിരവധി പേര്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. ഗ്രൂപ്പ് പോരിലും ചേരിപ്പോരിലും തലസ്ഥാനത്ത് ബിജെപി തകര്‍ന്നടിയുകയാണ്. സോഷ്യല്‍ മീഡിയ വഴിയും പോര് രൂക്ഷമാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപിയിലെ വിവിധ ഗ്രൂപ്പുകള്‍ പരസ്പരം പഴിചാരി പോര് രൂക്ഷമാക്കിയിട്ടുണ്ട്. അതിനിടെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയ വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്ന് ഓടി ഒളിച്ചതും പോര് തര്‍ക്കം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
തിരുവനന്തപുരം നഗരസഭ വികസനത്തിന്റെ പാതയിലാണ് മുമ്പോട്ട് പോകുന്നതെന്നും അതിന് തടസ്സം നില്‍ക്കുന്ന സമീപനങ്ങളാണ് ബിജെപി സ്വീകരിച്ചിരുന്നതെന്നും ബിജെപി സ്വീകരിച്ചു വന്നിരുന്ന പിന്തിരിപ്പന്‍ നിലപാടുകളോടുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് പാല്‍കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ എസ് വിജയകുമാരിയുടെ സിപിഎം പ്രവേശനമെന്നും മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് കൗണ്‍സിലറുടെ സിപിഎം പ്രവേശനമെന്നും മേയര്‍ പറഞ്ഞു.
അതിനിടെ പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ എസ് വിജയകുമാരിയെ അന്വേഷണവിധേയമായി ബിജെപിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു.