നവദമ്പതികള്‍ പാലത്തില്‍നിന്നു പുഴയില്‍ ചാടി; യുവതിയെ രക്ഷപ്പെടുത്തി, ഭര്‍ത്താവിനായി തിരച്ചില്‍
കോഴിക്കോട്: പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ നവദമ്പതികളില്‍ യുവതിയെ രക്ഷപ്പെടുത്തി. ഭര്‍ത്താവിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇന്നു രാവിലെ 10.30ഓടെ ഫറോക്ക് പാലത്തില്‍നിന്നാണ് നവദമ്പതികള്‍ പുഴയിലേക്ക് ചാടിയത്. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് കണ്ട ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി കയര്‍ ഇട്ടുകൊടുത്തപ്പോള്‍ അതില്‍പിടിച്ചാണ് വര്‍ഷ രക്ഷപ്പെട്ടത്. വര്‍ഷയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അതേസമയം, എല്ലാവരും നോക്കിനില്‍ക്കെ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു. ജിതിനെ കണ്ടെത്താല്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും തിരച്ചില്‍ തുടരുകയാണ്. ആറു മാസം മുമ്പാണ് ജിതിനും വര്‍ഷയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഇരുവരും വീടുവിട്ടിറങ്ങിയെന്നാണ് വിവരം.