നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: കേരളാ പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മൂന്നുസെന്റിലെ വീട്ടില്‍നിന്നു ബലമായി കുടിയൊഴിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ കേരളാ പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം. കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍മാരാണ് കേരളാ പോലിസ് അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. https://www.keralapoliceacademy.gov.in/ എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനൊപ്പം പോലിസുകാരനെതിരേ മരണപ്പെട്ട ദമ്പതികളുടെ മകന്‍ വിരല്‍ചൂണ്ടുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. ചൂണ്ടിയ വിരല്‍ പുതിയൊരു മാറ്റത്തിന്റേതാവട്ടെ, പോലിസിലെ ക്രിമനലുകളെ പുറത്താക്കി സേനയെ ശുദ്ധീകരിക്കുക തുടങ്ങിയ വാചകങ്ങളും ചേര്‍ത്തിട്ടുണ്ട്. ഹാക്ക് ചെയ്ത വിവരം തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ശേഷം പോലിസ് അക്കാദമിയെ കുറിച്ചുള്ള വിശദമായ വിമര്‍ശനവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു മനുഷ്യത്വവും ഇല്ലാത്ത ഏമാന്റെ അധികാരത്തിന്റെ ധാര്‍ഷ്ട്യത നിറഞ്ഞ വാക്കുകള്‍ ഓരോ സാധാരണ മനുഷ്യന്റെയും നെഞ്ചില്‍ കനലായി എരിഞ്ഞു കൊണ്ടിരിക്കയാണെന്നും അച്ഛന്റെ കുഴിമാടം വെട്ടേണ്ടി വന്ന അവനും ഞങ്ങളും നല്‍കുന്ന നികുതി കൊണ്ടാണ് ഏമാനേ നിങ്ങളും ചോറുണ്ണുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. പോലിസ് അക്കാഡമിയില്‍ വിദ്യ അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാര്‍ നിങ്ങളുടെ ശിഷ്യന്മാരെ ഇങ്ങനെ ഒന്ന് ഉപദേശിക്കണം 'ജനങ്ങളുടെ നികുതിപ്പണം എടുത്തു ശമ്പളം തരുന്നത് ജനങ്ങളെ സേവിക്കാനാണ് അല്ലാതെ സാധാരണ ജനങ്ങളുടെ മുകളില്‍ കുതിര കയറാനല്ല. പൊതു ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കുകയും, തുല്ല്യ നീതി നടപ്പാക്കുകയുമാണ് നിങ്ങളുടെ കര്‍മ്മമെന്നും!. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ വീഡിയോയാണ് പോലിസിനെതിരായി വന്നിട്ടുള്ളത്. അതിലെല്ലാം സാധാരണ ജനങ്ങളോടുള്ള പോലിസിന്റ സമീപനം വ്യക്തമാകുകയാണ്.
പരാതി നല്‍കാന്‍ സ്‌റ്റേഷനില്‍ വന്ന അച്ഛനോടും മകളോടും മോശമായി പെരുമാറുന്നത്, വഴി വക്കില്‍ പഴക്കച്ചവടം നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന യുവാവിനോടുള്ള 'കായും പൂവും' ചേര്‍ത്തുള്ള വിളിയുടെ ക്രെഡിറ്റ് ഇവയൊക്കെ കേരള പോലിസിനെ വാര്‍ത്തെടുക്കുന്ന അക്കാദമിക്കും കൂടിയുള്ളതാണ്. ചൂണ്ടിയ വിരലും ഉയര്‍ന്ന തൂമ്പയും ഇനി ഒരു മാറ്റത്തിന്റെതാകട്ടെ. പ്രതികരിക്കുന്ന ജനത്തെ കണ്ടു ഭയപ്പെടാന്‍ ഇടയാകാതിരിക്കട്ടെ നമ്മുടെ നിയമപാലകര്‍ക്ക്. കാക്കിക്കുള്ളിലെ ക്രിമിനലുകളെ പിരിച്ചു വിട്ടു പോലിസ് സേനയെ സംശുദ്ധമാക്കുക എന്ന വരികളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Couple's death in Neyyattinkara: Kerala Police Academy's website hacked by protest