മോന്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി നീട്ടി

ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം മൂന്നു ദിവസം കൂടിയാണ് മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നീട്ടി നല്‍കിയത്. നേരത്തെ ഈ മാസം 28 മുതല്‍ ഇന്നു വരെ കോടതി മോന്‍സണെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു

Update: 2021-09-30 11:21 GMT

കൊച്ചി:പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി.ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം മൂന്നു ദിവസം കൂടിയാണ് മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നീട്ടി നല്‍കിയത്. നേരത്തെ ഈ മാസം 28 മുതല്‍ ഇന്നു വരെ കോടതി മോന്‍സണെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. അഞ്ചു ദിവസമായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്നു ദിവസം മാത്രമായിരുന്നു കോടതി അനുവദിച്ചത്.ഇതു പ്രകാരം ഇന്ന് കാലവാധി അവസാനിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി നീട്ടി നല്‍കണമെന്ന് ക്രൈംബ്രഞ്ച് കോടതിയോട് അഭ്യര്‍ഥിച്ചത്

കുറ്റകൃത്യത്തിലുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പ്രതി മോന്‍സണ്‍ മാവുങ്കലിനെ തെളിവെടുക്കേണ്ടതിനും കേസിലുള്‍പ്പെട്ടതും ബാങ്കിന്റേതുള്‍പ്പെടെ ഇയാള്‍ കൃത്രിമമായി ചമച്ച രേഖകള്‍ പരിശോധിക്കാനും കസ്റ്റഡി അനിവാര്യമാണെന്നും പ്രതി പലരില്‍ നിന്നും തട്ടിച്ചെടുത്ത പണം എങ്ങിനെ ഉപയോഗപ്പെടുത്തി, തട്ടിപ്പിനുള്ള ഉറവിടത്തെപ്പറ്റിയും അന്വേഷണം തുടരുന്നതിനു ചോദ്യം ചെയ്യല്‍ അത്യാവശ്യമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം.എന്നാല്‍ മോന്‍സണ്‍ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി മൂന്നു ദിവസം കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു.ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മോന്‍സണ്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു.

Tags:    

Similar News