വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

Update: 2022-05-01 07:41 GMT

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പോലിസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്ത അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ ഇന്നലെയായിരുന്നു പി സി ജോര്‍ജ് മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പ്രസംഗം നടത്തിയത്. പ്രസംഗം മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ് ലിംകള്‍ക്കും ഇടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. വലിയ പ്രതിഷേധം പിസി ജോര്‍ജ്ജിനെതിരെ ഉണ്ടായി. പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദേശ പ്രകാരം ഫോര്‍ട്ട് പോലിസ് കേസെടുത്തത്. ഹിന്ദു മുസ്‌ലിം വൈര്യം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്‌ഐറില്‍ വ്യക്തമാക്കിയിരുന്നു. 153 എ, 95 എ വകുപ്പുകള്‍ ചേര്‍ത്ത് ഇന്ന് രാവിലെയാണ് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News